ഐഎസ്എൽ; മുംബൈയെ തോൽപിച്ച് ഗോവ ഒരു പടി മുന്നിൽ

ഐഎസ്എല്‍ രണ്ടാം സെമിഫൈനലിന്റെ ആദ്യപാദത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ ഗോള്‍മഴയില്‍ മുക്കി എഫ്‌സി ഗോവ. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മുംബൈയെ വീഴ്ത്തിയ ഗോവ ഫൈനല്‍ ഉറപ്പിച്ചു.
ഇരുപതാം മിനിട്ടില്‍ റാഫേല്‍ ബാസ്റ്റോസിലൂടെ മുംബൈ ആണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 10 മിനിട്ടിനകം ജാക്കിചന്ദ് സിംഗിലൂടെ ഗോവ സമനില പിടിച്ചു. 39-ാം മിനിട്ടല്‍ സെര്‍ജിന്‍ മൗര്‍ട്ടാഡ ഫാള്‍ ഗോവയ്ക്ക് ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിലായിരുന്നു മുംബൈയുടെ വഴിയടച്ച ഗോവന്‍ ഗോള്‍ കാര്‍ണിവല്‍. 51-ാം മിനിട്ടില്‍ ഫെറാന്‍ കോറോമിനാസിലൂടെ ഗോവ വിജയമുറപ്പിച്ച് മൂന്നാം ഗോളും നേടി. 58ാം മിനിട്ടില്‍ മൗര്‍ട്ടാഡയുടെ രണ്ടാം പ്രഹരം മുംബൈയുടെ അവസാന പ്രതീക്ഷയും കരിച്ചുകളഞ്ഞു. 82-ാം മിനിട്ടില്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് മുംബൈയുടെ പെട്ടിയില്‍ അവസാന ആണിയും അടിച്ച് അഞ്ചാം ഗോളും നേടി.