കോടികൾ വായ്പയെടുത്ത് രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ സുഖവാസത്തിൽ (വീഡിയോ കാണാം)

ബാങ്ക് വായ്പ തിരിച്ചടക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദി ക്യാമറയിൽ കുരുങ്ങി. ലണ്ടൻ നഗരത്തിൽ സ്വതന്ത്രനായി വിലസുന്ന നീരവിന്റെ ദൃശ്യങ്ങൾ ബ്രിട്ടീഷ് മാധ്യമമായ ടെല​ഗ്രാഫ് ആണ് പുറത്ത് വിട്ടത്. നീരവ് മോദിയെ പിന്തുടർന്ന് റിപ്പോർട്ടർ ചോ​ദ്യങ്ങൾ ചോദിക്കുന്നുണ്ടെങ്കിലും പ്രതികരിക്കാൻ അദ്ദേഹം തയ്യാറാകാത്തത് വീഡിയോയിൽ കാണാം. റിപ്പോർട്ടറുടെ ചോദ്യങ്ങൾക്ക് ‘നോ കമന്റ്സ്’ എന്നാണ് നീരവ് മോദിയുടെ മറുപടി.

ലണ്ടനിലെ വെസ്റ്റ് എൻഡിൽ 80 ലക്ഷം പൗണ്ടിന്റെ (ഏകദേശം 73 കോടി) അപ്പാർട്ട്മെന്റിലാണ് മോദിയുടെ താമസം. ബിനാമി പേരിൽ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും റിപ്പോട്ടുകളുണ്ട്. കഴിഞ്ഞ ദിവസം മോദിയുടെ മുംബൈയിലെ അലിബാഗിലെ ആഡംബര ബംഗ്ലാവ് റവന്യൂ അധികൃതർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ വായ്പയെടുത്ത് രാജ്യം വിട്ട മോദി ബംഗ്ലാവ് നഷ്ടപ്പെടാതിരിക്കാൻ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. അവസാനം വരെയും ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാന്‍ നീരവ് പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ടുകയായിരുന്നു.