വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവെച്ചു; വിമാനം പറന്ന് ഉയര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാത്തിരുപ്പ് കേന്ദ്രത്തില്‍ മറന്ന കാര്യം ഓര്‍ത്തത്; ഒടുവിൽ വിമാനം തിരിച്ചിറക്കി; പൈലറ്റിന്റെ വീഡിയോ വൈറല്‍

ജിദ്ദ(സൗദി അറേബ്യ): വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവെച്ച്‌ ഫ്ളൈറ്റില്‍ കയറിപ്പോയ അമ്മയെ സഹായിക്കാന്‍ വിമാനം തിരിച്ചിറക്കി സന്‍മനസ് കാട്ടിയ പൈലറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ താരമായിരിക്കുന്നു. ഞങ്ങള്‍ക്ക് തിരിച്ചുവരാമോ എന്ന് ചോദിച്ചു കൊണ്ട്‌ പൈലറ്റ് തിരികെ ലാന്‍ഡിങ്ങിന് അനുവാദം ചോദിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്‌.

“ഈ വിമാനം അടിയന്തിരമായി തിരിച്ചിറങ്ങുന്നതിനായി അപേക്ഷിക്കുകയാണ്. ഒരു യാത്രക്കാരി തന്റെ കുഞ്ഞിനെ കാത്തിരിപ്പു കേന്ദ്രത്തില്‍ മറന്നുപോയി. ദയനീയമാണ് അവസ്ഥ. ദൈവം നമ്മളോടൊപ്പമുണ്ടാകും. ഞങ്ങള്‍ക്ക് തിരിച്ചിറങ്ങാന്‍ സാധിക്കുമോ?” -എന്നായിരുന്നു പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറോട് ആവശ്യപ്പെട്ടത്.

സൗദിയിലെ കിങ് അബ്ദുള്‍ അസിസ് ഇന്റര്‍നാഷണലില്‍ നിന്ന് പറന്നുയര്‍ന്ന എസ് വി 832-ാംവിമാനത്തിലാണ് സംഭവം. ജിദ്ദയില്‍ നിന്ന് കോലാലമ്ബൂരിലേക്കുള്ളതായിരുന്നു വിമാനം. പിന്നീട് തിരിച്ചിറങ്ങുന്നതിന് അനുവാദം തേടിയതിന്റെ കാരണം ഒന്നുകൂടി ഉറപ്പിച്ചതിന് ശേഷം സഹപ്രവര്‍ത്തകരുമായി ആലോചിച്ചാണ് വിമാനത്തിന് തിരികെയിറങ്ങാന്‍ എയര്‍ ട്രാഫിക് ഉദ്യോഗസ്ഥന്‍ അനുമതി നല്‍കിയത്. ശരി ഗേറ്റിലേക്ക് വന്നോളൂ, ഇത് തീര്‍ത്തും പുതിയ അനുഭവമാണ് ഞങ്ങള്‍ക്ക് എന്നായിരുന്നു എയര്‍ ട്രാഫിക് ഓപ്പറേറ്റര്‍ പൈലറ്റിന് നല്‍കിയ മറുപടി.

വിമാനം റണ്‍വേയില്‍ നിന്ന് പറന്നു തുടങ്ങിയപ്പോഴാണ് വിമാനത്താവളത്തിലെ കാത്തിരുപ്പ് കേന്ദ്രത്തില്‍ തന്റെ കുഞ്ഞിനെ മറന്ന കാര്യം യുവതി ഓര്‍മിക്കുന്നത്. തുടര്‍ന്ന് വിമാന ജീവനക്കാരോട് യാത്രക്കാരി കു‍ഞ്ഞിനെ മറന്നകാര്യം പറയുകയായിരുന്നു. തുടര്‍ന്നാണ് പൈലറ്റ് സമയോചിതമായി ഇടപെടല്‍ നടത്തിയത്.