വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു: വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ പെട്രോളൊഴിച്ച്‌ തീയിട്ടു, യുവാവ് പിടിയില്‍

കോട്ടയം: തിരുവല്ലയില്‍ 18 കാരിയെ നടുറോഡില്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ കടപ്ര കുമ്ബനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാഭ്യര്‍ത്ഥന വീട്ടുകാര്‍ നിരസിച്ചതില്‍ പ്രകോപിതനായാണ് യുവതിയെ തീ കൊളുത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അയിരൂര്‍ സ്വദേശിനിയായ ബി.എസ്.സി വിദ്യാര്‍ത്ഥിനിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

തിരുവല്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ 18കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്ലസ്‌ടു തലം മുതല്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന പ്രതി വിവാഹ അഭ്യര്‍ത്ഥനയുമായി വീട്ടുകാരെയും സമീപിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇക്കാര്യത്തില്‍ സമ്മതം മൂളിയിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ കോളേജിൽ പോകാന്‍ എത്തിയ സവിതയെ തടഞ്ഞു നിര്‍ത്തി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഇത് നിഷേധിച്ചതില്‍ പ്രകോപിതനായ യുവാവ് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് പെണ്‍കുട്ടിയുടെ ശരീരത്തിലെ തീകെടുത്തിയശേഷം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡിഗ്രി വിദ്യാർത്ഥിയാണ് അറസ്റ്റിലായ അജിന്‍. തീ കൊളുത്തിയ അജിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.