പി.ജെ ജോസഫിന് ഒഴിവാക്കി കെ.എം മാണി; സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസില്‍ രാജി

പി.ജെ ജോസഫിന് കോട്ടയം സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ രാജി. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി.എം ജോർജാണ് രാജിവെച്ചത്. കോട്ടയത്ത് മത്സരിക്കാന്‍ താല്‍പര്യം അറിയിച്ച പി.ജെ ജോസഫിനെ തള്ളി തോമസ് ചാഴിക്കാടനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പി.ജെ ജോസഫ് തന്നെ രംഗത്ത് എത്തിയിരുന്നു. ജോസഫ് വിഭാഗത്തിന്‍റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. മുന്‍ ഏറ്റുമാനൂര്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍.

തിങ്കളാഴ്ച രാത്രി ഒമ്ബതോടെ മീഡിയ കോര്‍ഡിനേറ്റര്‍ വഴി വാര്‍ത്താക്കുറിപ്പിറക്കിയാണ് ഈ സുപ്രധാന തീരുമാനം മാണി പ്രഖ്യാപിച്ചത്. ഒഴിവാക്കിയ കാര്യം ജോസഫിനെയും മാണി അറിയിച്ചു. ഇതേ തുടര്‍ന്ന് തൊടുപുഴയിലെ വീട്ടില്‍ ജോസഫ് അടിയന്തരയോഗം ചേര്‍ന്നു. മുന്‍മന്ത്രിമാരായ മോന്‍സ് ജോസഫും ടി യു കുരുവിളയും യോഗത്തില്‍ പങ്കെടുത്തു.

തോമസ് ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാനാവില്ലെന്നും തനിക്ക് സീറ്റ് നിഷേധിച്ചത് നീതിപൂര്‍വമായ തീരുമാനമല്ലെന്നും, ജില്ല മാറി മത്സരിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി സീറ്റ് നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു പി.ജെ ജോസഫിന്‍റെ പ്രതികരണം.

മുന്നണിയിലെ മറ്റ് കക്ഷികളുടെ അഭിപ്രായം പോലും പാലിച്ചില്ല. ജില്ല മാറി മത്സരിക്കുമെന്ന പാര്‍ട്ടിയുടെ അഭിപ്രായം അംഗീകരിക്കാനാകില്ല. എല്ലാവരുടെയും അഭിപ്രായം അവഗണിച്ചാണ് തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം. യുഡിഎഫുമായി യോജിച്ച്‌ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ ഡല്‍ഹിയിലാണ്. അവരെത്തിയ ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു.