പെണ്‍കുട്ടിയുടെ പരാതിയിൽ വിദ്യാർഥിയെ ആളുമാറി മര്‍ദ്ദിച്ചു; എസ് ഐ അടക്കമുളളവര്‍ക്കെതിരെ നടപടി

പെൺകുട്ടിയോട് മോശമായി സംസാരിച്ചു എന്ന പരാതിയില്‍ ആളുമാറി വിദ്യാർഥികളെ മർദ്ദിച്ച സംഭവത്തിൽ എസ്‌ ഐ മാരുൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ഡിവൈഎസ്‌പി ആർ ബിനു നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് അദ്ദേഹം ശുപാർശ നൽകി.

എരുവ തുണ്ടുപറമ്പിൽ ഹയറുന്നിസയുടെയും പരേതനായ ഷാജഹാന്റെയും മകൻ ഷാദിലിനേയും ഹയറുന്നിസയുടെ സഹോദരൻ നിസാമിന്റെ മകൻ ഷാഹിദിനെയുമാണ് കഴിഞ്ഞ ദിവസം വൈകിട്ട് പൊലീസ് സംഘം മർദിച്ചത്. എംഎസ്എം ഹൈസ്കൂളിനു സമീപം പുത്തൻതെരുവ് പള്ളിയിൽ നിന്നും പ്രാർത്ഥനക്ക് ശേഷം വീട്ടിലേക്കു മടങ്ങിയ ഇവരെ പൊലീസ് തടഞ്ഞുനിർത്തി മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനമേറ്റ ഇവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചുവന്ന ഷർട്ടിട്ടയാളാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പളളിക്ക് സമീപം എത്തിയത്.