മാണി പക്ഷവുമായി യോജിച്ചുപോകാന്‍ പ്രയാസം: പി.ജെ.ജോസഫ്

തിരുവനന്തപുരം: കോട്ടയം സീറ്റ്‌ വിഷയത്തില്‍ കേരളാ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയില്‍ പരിഹാരം തേടി പിജെ ജോസഫ് കോണ്‍ഗ്രസ്‌ നേതാക്കളുമായി ചര്‍ച്ച നടത്തി. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുമായാണ്‌ ചര്‍ച്ച നടത്തിയത്‌. കെ.എം.മാണി പക്ഷവുമായി യോജിച്ചുപോകാന്‍ പ്രയാസമെന്ന് ജോസഫ് ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതായും ജോസഫ് പറഞ്ഞു. പ്രശ്‌നത്തിന് ഉചിതമായ രീതിയില്‍ പരിഹാരമുണ്ടാക്കാമെന്ന് ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ചയില്‍ ഉറപ്പു നല്‍കി. തുടര്‍ന്ന് പി.ജെ.ജോസഫ് കന്റോണ്‍മെന്റ് ഹൗസില്‍ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി.

നിര്‍ണ്ണായക തെരഞ്ഞെടുപ്പില്‍ കോട്ടയം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പറ്റില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.ആദ്യം ഉമ്മന്‍ചാണ്ടിയുമായാണ്‌ ചര്‍ച്ച നടത്തിയത്‌. മോന്‍സ് ജോസഫ് അടക്കം കേരളാ കോണ്‍ഗ്രസ് നേതാക്കളുമായാണ് പി ജെ ജോസഫ് ഉമ്മന്‍ ചാണ്ടിയുടെ കന്റോണ്‍മെന്‍റ്‌ ഹൗസിലെത്തിയത്‌. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയും ജോസഫ് പ്രശ്നപരിഹാരത്തിന് സമീപിച്ചു

കേരള കോണ്‍ഗ്രസ് തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെയെന്നാണ് കോണ്‍ഗ്രസ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ കെ.എം മാണിയും പി.ജെ ജോസഫും തമ്മിലുള്ള ഭിന്നത രൂക്ഷമായ സ്ഥിതിക്ക് ഇനി പാര്‍ട്ടിക്കുള്ളില്‍ സമവായം എളുപ്പമല്ല. ഇത് മനസിലാക്കിയാണ് ജോസഫുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നത്. കോണ്‍ഗ്രസിന്റ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചശേഷം തുടര്‍നിലപാട് പ്രഖ്യാപിക്കുമെന്ന് ജോസഫും പറഞ്ഞിരുന്നു.