ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം, പ്രതികരിക്കാതെ ചൈന

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ വീണ്ടും ചൈന തടഞ്ഞതോടെ സമൂഹമാധ്യമങ്ങളില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം.

BoycottChina, #ChinaBacksTerror, #BoycottChineseProducts തുടങ്ങിയ ഹാഷ്ടാഗുകള്‍ ഉപയോഗിച്ചാണ് സോഷ്യൽ മീഡിയകളിൽ ചൈനയ്‌ക്കെതിരെ പ്രചാരണം നടക്കുന്നത്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരരെ പിന്തുണയ്ക്കുന്നത് ചൈനയാണെന്നുള്ള സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതിനിടെ രാജ്യത്തെ ഏഴ് കോടിയോളം വ്യാപാരികളെ പ്രതിനിധീകരിക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് എന്ന സംഘടനയും മഹാത്മാ ഗാന്ധിയുടെ സ്വദേശി പ്രസ്ഥാനത്തെ ഓര്‍മിപ്പിച്ച് സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘടനയില്‍ അംഗങ്ങളായിട്ടുള്ള വ്യാപാരികള്‍ ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം ചൈനാ വിരുദ്ധ ആഹ്വാനങ്ങള്‍ വ്യാപകമാകുന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം തയ്യാറായിട്ടില്ല.