യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം; വെന്‍റിലേറ്ററില്‍ നിന്ന് മാറ്റാനാകില്ലെന്ന് ആശുപത്രി അധികൃതര്‍

തിരുവല്ല: തിരുവല്ലയില്‍ യുവാവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഇല്ലെന്നും വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതിനിടെ, യുവതി മരിച്ചതായി സാമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നിയമോപദേശം തേടിയിട്ടുണ്ട്. വാര്‍ത്ത പ്രചരിപ്പിച്ച സാമൂഹ്യമാധ്യമങ്ങള്‍ പൊലീസ് നിരീക്ഷിച്ച്‌ വരികയാണ്.

ചൊവ്വാഴ്ച രാവിലെയാണ് തിരുവല്ല ചിലങ്ക തിയേറ്ററിന് സമീപം കൊടുംക്രൂരത അരങ്ങേറിയത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചെന്ന കാരണത്താല്‍ അജിന്‍ മാത്യു എന്ന യുവാവ് തന്റെ മുന്‍ സഹപാഠിയെ കുത്തിവീഴ്ത്തി പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. ആളിപ്പടര്‍ന്ന തീ നാട്ടുകാരാണ് അണച്ചത്. ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്കും മാറ്റി. സംഭവസ്ഥലത്തു നിന്ന് അജിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.