ഗുജറാത്തിൽ പബ്​ജി കളിച്ച പത്ത് യുവാക്കൾ അറസ്​റ്റിൽ

നിരോധനത്തെ മറികടന്ന്​ ഗുജറാത്തിലെ രാജ്​കോട്ടിൽ ഓൺലൈൻ മൾട്ടി ​പ്ലയർ ഗെയിമായ പബ്​ജി കളിച്ച പത്ത് പേർ അറസ്​റ്റിൽ. രാജ്​കോട്ട്​ സ്​പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പാണ്​ പബ്​ജി കളിച്ച യുവാക്കളെ അറസ്​റ്റു ചെയ്​തത്​. ഇവരുടെ മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

കേന്ദ്രസർക്കാർ ആക്​റ്റിലെ 188 വകുപ്പ്​ പ്രകാരം സംസ്ഥാനത്ത് പോലീസ് പബ്​ജിക്ക്​ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മാർച്ച്​ ഒമ്പതിനാണ്​ നിരോധന ഉത്തരവ് പുറത്തിറങ്ങിയത്. ഏപ്രിൽ 30 വരെയാണ്​ പബ്​ജിക്ക്​ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന്​ രാജ്​കോട്ട്​ പൊലീസ്​ കമീഷണർ ​മനോജ്​ അഗർവാൾ അറിയിച്ചു. കൗമാരക്കാരും യുവാക്കളും പബ്​ജിക്ക്​ അടിമകളാകുന്നുവെന്ന്​ ആരോപിച്ചാണ്​ ഗെയിം നിരോധിച്ച്​ പൊലീസ്​ ഉത്തരവിറക്കിയത്​.

അറസ്​റ്റിലായവർക്കെതിരെ ജാമ്യം കിട്ടാവുന്ന കുറ്റമാണ്​ ചുമത്തിയിരിക്കുന്നതെന്നും സ്​റ്റേഷനിൽ നിന്നു തന്നെ ജാമ്യം അനുവദിക്കുമെന്നും പൊലീസ്​ അറിയിച്ചു. എന്നാൽ സർക്കാർ നോട്ടിഫിക്കേഷൻ ലംഘിച്ചതിന്​ ഇവർ കോടതിയിൽ വിചാരണ നേരിടണം.