ചൈനീസ് പ്രധാനമന്ത്രിയെ ഊഞ്ഞാലാട്ടുന്നതാണ് മോദിയുടെ നയതന്ത്രം; രൂക്ഷവിമര്‍ശവുമായി രാഹുല്‍ ഗാന്ധി

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം തടഞ്ഞ ചൈനയുടെ നീക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിങിനെ പേടിയെന്ന് രാഹുല്‍ ഗാന്ധി. ജയ്‌ശെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെതിരായ നീക്കത്തെ യു.എന്നില്‍ വീണ്ടും ചൈന എതിര്‍ത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ചൈന ഇന്ത്യക്കെതിരെ നിലപാടെടുക്കുമ്പോള്‍ മോദി ഒരക്ഷരം മിണ്ടുന്നില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഒരു ദശാബ്ദത്തിനിടെ ഇത് നാലാം തവണയാണ് ചൈന അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ എതിര്‍ത്ത് രംഗത്തു വന്നത്. 2001 ല്‍ ഐക്യരാഷ്ട്രസഭ നിരോധിച്ച സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്. പക്ഷേ ആ സംഘടനയുടെ തലവനായ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കത്തെ ചൈന വീറ്റോ ചെയ്യുകയായിരുന്നു.

ദുര്‍ബലനായ മോദി ഷീനെ ഭയക്കുന്നതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയതു. ഇന്ത്യക്കെതിരെ ചൈന പ്രവര്‍ത്തിക്കുമ്പോള്‍ ഒരു വാക്കു പോലും മോദിയുടെ വായില്‍ നിന്നും പുറത്തു വന്നില്ല. നമോയുടെ ചൈനീസ് നയതന്ത്രം: ഷീനിനെ ഗുജറാത്തില്‍ തൊട്ടിലാട്ടി, ഡല്‍ഹിയില്‍ കെട്ടിപ്പിടിച്ചു, ചൈനയില്‍ തല വണങ്ങിയും എന്നാണ് പരിഹാസ രൂപേണ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.