സ്ത്രീകളുടെ സീറ്റില്‍ നിന്നും പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാമോ?; വിശദീകരിച്ച് കേരളാ പോലീസ്

കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളിലെ സ്ത്രീകളുടെ സീറ്റുകളില്‍ ഇരിക്കുന്ന പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരണം നടക്കുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിലെ ഈ വാർത്തയും വിശ്വസിച്ച് സ്ത്രീകളുടെ സീറ്റിൽ ഇരുന്നാൽ നല്ല പണികിട്ടുമെന്നു കേരളാ പോലീസ്. തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ ഒരു കുറിപ്പിലൂടെ നിയമമടക്കമുള്ള കൃത്യമായ കാര്യങ്ങൾ പോലീസ് വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ഉൾപ്പെടെ എല്ലാ ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്‍തിട്ടുണ്ടെന്നും ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് യാത്രചെയ്യാമെന്നും എന്നാല്‍ പിന്നീട് സ്ത്രീകള്‍ കയറിയാല്‍ സീറ്റില്‍ നിന്ന് പുരുഷന്‍മാര്‍ എഴുന്നേറ്റ് നല്‍കണമെന്നാണ് നിയമമെന്നും പോസ്റ്റിലൂടെ പൊലീസ് വ്യക്തമാക്കുന്നു. സംവരണം ചെയ്‍തിട്ടുള്ള സീറ്റുകളില്‍ സര്‍വീസ് തുടങ്ങുന്ന സ്ഥലത്ത് വനിതകള്‍ ഇല്ലെങ്കില്‍ മാത്രം പുരുഷന്മാര്‍ക്ക് അനുവദിക്കാവുന്നതാണെന്നും യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുന്‍ഗണനാ ക്രമത്തിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കുവാന്‍ പുരുഷന്മാരോട് കണ്ടക്ടര്‍ ആവശ്യപ്പെടേണ്ടതാണെന്നും അത് വനിതകള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നും കുറിപ്പിൽ പറയുന്നു.