ഈ കുട്ടി വേറെ ലെവലാണ്; ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് വൈറലാകുന്നു

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കണക്ക് പരീക്ഷയിൽ എഴുതിയ ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയയിൽ ശ്രദ്ധയാകർഷിക്കുന്നത്. 15 മാസം കൊണ്ട് ഒരു സ്ത്രീക്ക് കിട്ടുന്ന തുകയാണ് ചോദ്യം. 18,000 രൂപയാണ് 15 മാസം കൊണ്ട് സ്ത്രീക്ക് കിട്ടുന്നത്. ഒരു മാസം എത്ര തുക കിട്ടും, ഏഴ് മാസം കൊണ്ട് എത്ര രൂപ കിട്ടും, 30,000 രൂപ കിട്ടാന്‍ എത്ര മാസം ജോലി ചെയ്യണം എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് കുട്ടിയോട് കണ്ടെത്താന്‍ പറഞ്ഞിരിക്കുന്നത്. കൃത്യമായ വഴികളിലൂടെ കൃത്യമായ ഉത്തരം വിദ്യാര്‍ത്ഥി കണ്ടെത്തുകയും ചെയ്തു. എന്നാല്‍, ഉത്തരത്തിനു താഴെ, വിദ്യാര്‍ത്ഥി ഇങ്ങനെ എഴുതി, ‘ ഈ സ്ത്രീക്ക് അര്‍ഹമായ കൂലി കിട്ടുന്നില്ല’. ഒരിക്കലും ഒരു കണക്ക് ഉത്തരപ്പേപ്പറില്‍, ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഉത്തരമല്ല ഇത് എന്നതിനാല്‍ തന്നെ ചിത്രം വൈറലായിക്കഴിഞ്ഞു. കണക്കിനുമപ്പുറത്തേക്കാണ് വിദ്യാർത്ഥിയുടെ ചിന്തകൾ പോയത്.

ഏത് സ്കൂളാണെന്നോ, വിദ്യാര്‍ത്ഥിയുടെ പേരെന്താണെന്നോ വ്യക്തമല്ല. ‘ഇത് ഒരു കണക്ക് ചോദ്യമാണ്. പക്ഷെ, ആ അവസാനത്തെ വരി നോക്കൂ. അരിത്തമെറ്റിക്കിനുമപ്പുറത്താണ് ആ വിദ്യാര്‍ത്ഥി ചിന്തിച്ചിരിക്കുന്നത്. ഒരു അധ്യാപികയാണ് ഇതെനിക്ക് ഷെയര്‍ ചെയ്തിരിക്കുന്നത്. അവരുടെ സന്തോഷം അളവില്ലാത്തതാണ്’ എന്ന കുറിപ്പോടു കൂടിയാണ് ട്വിറ്ററില്‍ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.