കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു

സോണിയാ ഗാന്ധിയുടെ മുൻ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ടോം വടക്കൻ ബിജെപിയിൽ ചേർന്നു. പുൽവാമ ഭീകരാക്രമണം സംബന്ധിച്ച കോൺഗ്രസിന്‍റെ പ്രതികരണത്തിൽ പ്രതിഷേധിച്ചാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചതെന്ന് ടോം വടക്കൻ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര മെന്ററിയും മുതിർന്ന ബിജെപി നേതാവുമായ രവിശങ്കർ പ്രസാദിന്റെ സാന്നിധ്യത്തിലാണ് ടോം വടക്കൻ ബിജെപി പ്രവേശനം നടത്തിയത്. ദേശീയ തലത്തിൽ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മലയാളിയായ ഒരു ദേശീയ നേതാവ് പാർട്ടി മാറുന്നത്.

സൈന്യത്തിന്റെ നീക്കങ്ങള്‍ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നിലപാടാണ് തന്നെ വേദനിപ്പിച്ചതെന്ന് ടോം വടക്കന്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് കോണ്‍ഗ്രസിന്റെ രീതി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ്സ് പാർട്ടിക്ക് തന്നെ നിർണ്ണനായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സോണിയാ ഗാന്ധിയുടെ വിശ്വസ്തൻ എന്ന നിലയിൽ കൂടി അറിയപ്പെടുന്ന വടക്കന്റെ ബിജെപി പ്രവേശനം പാർട്ടിയിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.