ഞങ്ങള്‍ പണ്ടേ ബിജെപിക്കാര്‍; ചടങ്ങ് സംഘടിപ്പിച്ചത് എന്തിനെന്ന് അറിയില്ലെന്ന് തരൂരിന്റെ ബന്ധുക്കള്‍

കൊച്ചി: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന അംഗത്വ വിതരണ ചടങ്ങിനെതിരെ ശശി തരൂരിന്‍റെ ബന്ധുക്കൾ. ഞങ്ങൾ പണ്ടെ ബിജെപി അനുഭാവികളാണെന്നും ഇപ്പോൾ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ലെന്നും ശശി തരൂരിന്‍റെ ചെറിയമ്മ ശോഭന പറഞ്ഞു.

ശശി തരൂരിന്റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍ക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അംഗത്വം നല്‍കിയത്. ശശി തരൂരിന്റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. കെപിസിസി നിര്‍വ്വാഹക അംഗങ്ങള്‍ ഉള്‍പ്പടെയുള്ള രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് എത്താന്‍ സന്നദ്ധരാണെന്ന് അറിയിച്ചതായി ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. തത്കാലം പേരുകള്‍ പുറത്ത് വിടുന്നില്ലെന്നും ഇവരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

കൊച്ചിയിൽ സ്വകാര്യ ഹോട്ടലിൽ ചടങ്ങ് നടക്കുകയും ചെയ്തു. അംഗത്വം വാങ്ങിയ കുടുംബാംഗങ്ങൾ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ എളുപ്പം വേദി വിടുകയായിരുന്നു. പിന്നീട് സമീപിച്ചപ്പോഴാണ് ബിജെപിക്കാര്‍ തന്നെയായിരുന്നു തങ്ങളെന്നും എന്തിനാണ് അംഗത്വ വിതരണ ചടങ്ങ് ഇപ്പോൾ നടത്തിയത് എന്ന് അറിയില്ലെന്നും ബന്ധുക്കൾ പ്രതികരിച്ചത്.