കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ടോം വടക്കനെതിരെ രാഹുല്‍ ഗാന്ധി

റായ്‌പൂര്‍ : ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്‌ കോണ്‍ഗ്രസിന്‌ വന്‍ നഷ്ടമാണെന്ന അഭിപ്രായത്തെ എതിര്‍ത്ത്‌ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വടക്കന്‍ വലിയ നേതാവൊന്നുമല്ല എന്നാണ്‌ രാഹുല്‍ പ്രതികരിച്ചത്‌. ഛത്തീസ്‌ഗഡിലെ റായ്‌പൂരില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌.

സീറ്റ് ആവശ്യപ്പെട്ട് ടോം വടക്കന്‍ പല തവണ വിളിച്ചിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. തന്റെ പ്രൈവറ്റ് സെക്രട്ടറിയെയും ശല്യപ്പെടുത്തിയിരുന്നു. മോദിയുടെ കൗശലത്തെ കുറിച്ച് വടക്കന്‍ നേരത്തെ സംസാരിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഷ്ട്രീയകേന്ദ്രങ്ങളെയാകെ ഞെട്ടിച്ചുകൊണ്ടാണ്‌ കോണ്‍ഗ്രസ്‌ വക്താവായിരുന്ന ടോം വടക്കന്‍ പാര്‍ട്ടി വിട്ട്‌ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്‌. എഐസിസി മുന്‍ സെക്രട്ടറിയുമാണ്‌ അദ്ദേഹം. കോണ്‍ഗ്രസില്‍ കുടുംബവാഴ്‌ച്ചയാണെന്നും പുല്‍വാമ ആക്രമണത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ എതിര്‍പ്പുണ്ടെന്നും പറഞ്ഞായിരുന്നു വടക്കന്‍ കോണ്‍ഗ്രസ്‌ അംഗത്വം ഉപേക്ഷിച്ച്‌ ബിജെപിയില്‍ ചേര്‍ന്നത്‌.