ഷിഹാബുദ്ദീൻ വധം: ഏഴ് ആർ എസ് എസ് പ്രവർത്തകർക്ക് ട്രിപ്പിൾ ജീവപര്യന്തം

സി.പി.എം. പ്രവർത്തകൻ മുല്ലശ്ശേരി തിരുനെല്ലൂർ ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ ഏഴ്‌ ആർ.എസ്.എസ്. പ്രവർത്തകർക്ക് ട്രിപ്പിൾ ജീവപര്യന്തം. കൊലപാതകം, ഗൂഢാലോചന, ക്രൂരമായ ആക്രമണം എന്നീ കുറ്റകൃത്യങ്ങളിൽ ഓരോന്നിലും പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും വിധിക്കുകയാണ് ചെയ്തത്. ഓരോ ജീവപര്യന്തത്തിനും പതിനായിരം രൂപ വീതം പിഴയടയ്ക്കാനും കോടതി വിധിയിൽ പറയുന്നു. സാധാരണ ജീവപര്യന്തത്തിന്റെ മൂന്നിരട്ടി വരുന്ന ഇത്തരം വിധി അപൂർവമാണ്. തൃശ്ശൂർ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ.ആർ. മധുകുമാറാണ് ശിക്ഷ വിധിച്ചത്.

പൂവത്തൂർ അയ്യപ്പക്ഷേത്രത്തിനു സമീപം പട്ടാളി നവീൻ (26), തൃത്തല്ലൂർ മണപ്പാട് പണിക്കൻവീട്ടിൽ പ്രമോദ് (34), വെന്മേനാട് ചുക്കുബസാർ കോന്തച്ചൻ വീട്ടിൽ രാഹുൽ (28), ചുക്കുബസാർ മുക്കോലവീട്ടിൽ വൈശാഖ് (32), തിരുനെല്ലൂർ തെക്കേപ്പാട്ടുവീട്ടിൽ സുബിൻ എന്ന കണ്ണൻ (31), വെന്മേനാട് കോന്തച്ചൻ വീട്ടിൽ ബിജു (38), പൂവത്തൂർ കളപ്പുരയ്ക്കൽ വിജയശങ്കർ (23) എന്നിവരാണ്‌ പ്രതികൾ.

കേസിലെ നാല്‌ പ്രതികളെ കോടതി വിട്ടയച്ചു. പ്രതികൾക്ക് കാർ വാങ്ങാനും ഒളിവിൽ താമസിക്കാനും സഹായം നൽകി എന്നതായിരുന്നു ഇവർക്കെതിരേയുണ്ടായിരുന്ന ആരോപണം. ഇത്‌ കോടതി തള്ളി.

2015 മാർച്ച് ഒന്നിന്‌ രാത്രി 7.30-നാണ് ഷിഹാബുദ്ദീൻ കൊല്ലപ്പെടുന്നത്. പെയിന്റിങ് ജോലിക്കുശേഷം ഭക്ഷണം വാങ്ങിക്കാനായി പുറത്തുപോയ ഷിഹാബുദ്ദീനെയും സുഹൃത്തിനെയും കാറിൽ എത്തിയ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.