കൊച്ചിയിൽ നടുറോഡിൽ പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം

കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം. പനമ്പിള്ളി നഗർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് സമീപമാണ് സംഭവം.

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്‌സ് പഠിക്കുന്ന പെൺകുട്ടി ക്ലാസ് കഴിഞ്ഞ ശേഷം സുഹൃത്തിനോടൊപ്പം നടന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പോൾ മുഖം മൂടിയ ഒരാൾ ബൈക്കിൽ വരുകയും പെൺകുട്ടിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയും ചെയ്തു. ഭയന്ന പെൺകുട്ടി ഓടി സമീപത്തെ കടയിലേക്ക് കയറി. സംഭവം അറിഞ്ഞതോടെ കടക്കാരും വഴിയാത്രികരും ഓടിക്കൂടി. അതോടെ അക്രമി സ്ഥലത്തു നിന്നും രക്ഷപെട്ടുകളഞ്ഞു. വ്യാഴാഴ്ച രാത്രി 7 മണിയോടടുത്താണ് സംഭവം നടന്നത്.

ശാരീരിക അസ്വസ്ഥതയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ എറണാകുളം സൗത്ത് പോലീസ് അന്വേഷണം നടത്തിവരികയാണ്. പാലക്കാട് സ്വദേശിനിയാണ് പെൺകുട്ടി.

തിരുവല്ലയിൽ നടുറോഡിൽ വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. ഗുരുതരമായ പൊള്ളലേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിനിടെയാണ് സമാന സംഭവം.