മോദിയെ പരിഹസിച്ച് കോണ്‍ഗ്രസിന്റെ ട്വീറ്റ്; വിമര്‍ശനവുമായി നടൻ മാധവൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ ട്വീറ്റിനെതിരെ കടുത്ത വിമർശനവുമായി തമിഴ് നടന്‍ മാധവന്‍. തന്റെ ട്വിറ്റർ പേജിലൂടെയാണ് മാധവൻ ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തമ്മിലുളള കൂടിക്കാഴ്ച്ചകൾ കൂട്ടിയിണക്കി സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്ത വീഡിയോയാണ് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചൈന വീണ്ടും എതിര്‍ത്തതിനെ തുടര്‍ന്നാണ് മോദിയുടെ വിദേശനയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം അത്യന്തം ഹീനവും തരംതാഴ്ന്നതുമാണെന്ന് മാധവന്‍ ട്വീറ്റ് ചെയ്തു. ഇത് നല്ല ഉദ്ദേശത്തിലുള്ളതല്ല, രാഷ്ട്രീയ വൈരാഗ്യം എന്ത് തന്നെയായാലും മോദിജി നമ്മുടെ പ്രധാനമന്ത്രിയാണ്. തമാശയെന്ന പേരില്‍ നിങ്ങള്‍ തയ്യാറാക്കിയ ഈ വീഡിയോയിലൂടെ ഇന്ത്യയെ ആണ് നിങ്ങള്‍ ചൈനയുടെ മുമ്പില്‍ താഴ്ത്തിക്കെട്ടുന്നത്.. ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല.’ മാധവൻ ട്വീറ്റില്‍ പറയുന്നു. ഒപ്പം രാഹുലിനേയും മോദിയേയും പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തു.