ന്യൂസിലാന്‍ഡ് വെടിവെപ്പ്; ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രിയെത്തിയത് ഹിജാബ് ധരിച്ച്

ന്യൂസീലന്‍ഡിലെ മുസ്ലീം പള്ളിയിൽ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ എത്തിയത് ഹിജാബ് ധരിച്ച്‌. കൊലപാതകത്തിനും തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിനുമാണ് വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയന്‍ പൗരന്‍ ബ്രെന്‍റണ്‍ ടാരന്‍റനെ അറസ്റ്റ് ചെയ്തതെന്ന് ബന്ധുക്കളെ കണ്ടതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

പള്ളികളിൽ പ്രാർഥനകൾ നടക്കുന്ന സമയത്താണ് അക്രമി തോക്കുമായി പാഞ്ഞെത്തി അക്രമം അഴിച്ചുവിട്ടത്. നിരവധി സ്ത്രീകളും കുട്ടികളും മരിച്ചവരിൽ പെടുന്നു. ന്യുസീലൻഡുമായി നടക്കുന്ന ഏകദിനമത്സരത്തിനെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമും ആക്രമണം നടന്ന സമയത്ത് ഒരു പള്ളിയിലുണ്ടായിരുന്നു. തല നാരിഴയ്ക്കാണ് ടീമംഗങ്ങൾ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

”ഇത് ഭീകരാക്രമണം തന്നെയാണ്. ന്യൂസീലൻഡിന്‍റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ഏടുകളിലൊന്നാണിത്.” പ്രധാനമന്ത്രി ജസീന്ത ആർഡൻ പറഞ്ഞു. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണം തന്നെയാണിതെന്ന് ആർഡൻ വ്യക്തമാക്കി.