കഞ്ചാവടിച്ച് കിളി പോയി; വീട്ടിൽ കൊണ്ട് വിടാനായി വിളിച്ചത് പോലീസിനെ

കഞ്ചാവ് ഉപയോഗിച്ച് കിളി പോയ യുവാവ് വീട്ടിൽ പോവാൻ സഹായത്തിനായി വിളിച്ചത് പോലീസിനെ. കഞ്ചാവടിച്ച് എന്ത് ചെയ്യണമെന്നറിയാതെ കിളി പോയ അവസ്ഥയിലാണ് യുവാവ് പോലീസിനെ വിളിച്ച് വീട്ടിൽ കൊണ്ട് വിടാൻ പറഞ്ഞത്. ഉത്തർപ്രദേശിലെ അമോറ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. സംഭാൽ ജില്ല സ്വദേശിയായ ഇരുപത്തിനാലുകാരനാണ് വീട്ടിലെത്താൻ പോലീസിന്റെ സ​ഹായം തേടിയത്.

പൊലീസ് എത്തി കാര്യം തിരക്കിയപ്പോള്‍ യുവാവ് പരസ്പരബന്ധമില്ലാതെ സംസാരിച്ചു. തുടർന്ന് ഇയാൾ ലഹരി ഉപയോഗിച്ചതായി പോലീസ് മനസിലാക്കുകയും ഇയാളുടെ പോക്കറ്റിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു. കുട്ടിക്കാലം മുതൽ കഞ്ചാവ് വലിക്കുന്ന ശീലമുണ്ടായിരുന്നു എന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.എന്നാൽ കഞ്ചാവ് ലഹരിയാണെന്ന് സമ്മതിക്കാൻ ഇയാൾ തയ്യാറാകുന്നില്ലെന്ന് പൊലീസ് പറയുന്നു. അവസാനം പൊലീസ് ജീപ്പിൽ കയറ്റി ബസ് സ്റ്റോപ്പിൽ കൊണ്ടുപോയി, വീട്ടിലെത്താനുള്ള പണവും നൽകിയിട്ടാണ് പൊലീസുകാർ മടങ്ങിപ്പോയത്.