മത്സരിക്കാനില്ലെന്ന് മായാവതി; ലക്ഷ്യം ബിജെപിയുടെ പരാജയം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. “ഏത് സീറ്റില്‍ മത്സരിച്ചാലും എനിക്ക് ജയിക്കാനാവും. നാമനിര്‍ദേശ പത്രിക നല്‍കുകയേ വേണ്ടൂ. ബാക്കിയെല്ലാം എന്‍റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നോക്കും. എന്നാല്‍ ഞാന്‍ വിജയിക്കുക എന്നതിനേക്കാള്‍ ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്തുന്നതിനാണ് മുന്‍തൂക്കം. എസ്.പി- ബി.എസ്.പി- ആര്‍.എല്‍.ഡി സഖ്യത്തിന് കൂടുതല്‍ സീറ്റുകളില്‍ വിജയിക്കേണ്ടതുണ്ട്”, മായാവതി വ്യക്തമാക്കി.

റായ് ബറേലി, അമേത്തി സീറ്റുകളില്‍ എസ്.പി – ബി.എസ്.പി- ആര്‍.എല്‍.ഡി സഖ്യം മത്സരിക്കുന്നില്ല. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കുന്നത് ഇവിടെയാണ്. എസ്.പി – ബി.എസ്.പി നേതാക്കള്‍ മത്സരിക്കാനിടയുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ വാഗ്ദാനം നിരസിച്ച മായാവതിയും അഖിലേഷും, കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യത്തിനുമില്ലെന്ന് വ്യക്തമാക്കിയിരുന്നു.