സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി മാവേലിക്കര സബ് ജയിലിനുള്ളില്‍ മരിച്ചനിലയില്‍

മാവേലിക്കര സബ് ജയിലില്‍ പ്രതിയെ മരിച്ചനിലയില്‍ കണ്ടെത്തി. സാമ്പത്തിക തട്ടിപ്പുകേസില്‍ റിമാന്‍ഡിലായിരുന്ന കോട്ടയം കുമരകം സ്വദേശി എം ജെ ജേക്കബിനെയാണ് സെല്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച വൈകിട്ടാണ് ജേക്കബിനെ മാവേലിക്കര ജയിലില്‍ പ്രവേശിപ്പിച്ചത്. തിരുവല്ല പോലീസ് സ്‌റ്റേഷനിലായിരുന്നു ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ചികിത്സയ്ക്കായി വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനത്തില്‍നിന്ന് എഴുപതുലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നതായിരുന്നു ജേക്കബിനെതിരെയുള്ള കേസ്.

രാവിലെ അഞ്ചുമണിയോടെയാണ് ഇദ്ദേഹത്തെ സെല്ലിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തുക.