മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായത് യു.ഡി.എഫിന് പുത്തനുണര്‍വ് നല്‍കി; കുഞ്ഞാലിക്കുട്ടി

വടകരയില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായത് യുഡിഎഫിന് പുത്തനുണര്‍വ് നല്‍കിയെന്ന പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന്റെ വികാരം കൂടി കണക്കിലെടുത്താണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് കെ മുരളീധരനും പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഇരുവരുടെയും പ്രതികരണം.

ഇന്നലെ രാത്രിയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനും പി കെ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും പാണക്കാട് എത്തിയത്. മൂവരും ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് കുടുംബത്തിന്റെ അനുഗ്രഹം തനിക്ക് എന്നും തുണയായിട്ടുണ്ടെന്നും അനുഗ്രഹം തേടിയാണ് ഇവിടെയെത്തിയതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
തിന്മക്കെതിരെ നന്മ വിജയിക്കണമെന്ന് ഹൈദരലി തങ്ങള്‍ പ്രാര്‍ത്ഥിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.