പെരിയ ഇരട്ടക്കൊലപാതകം; സി.പി.എം നേതാക്കളുടെ പങ്ക് തെളിയിക്കാനായില്ല; വ്യക്തി വൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ച്

കാസർഗോഡ്: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ സി.പി.എം ജില്ലാ നേതാക്കള്‍ക്കോ ഉദുമ എം.എല്‍.എയ്‌ക്കോ പങ്കില്ലെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം പീതാംബരനെ ശരത് ലാല്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനിടയില്‍ കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ പീതാംബരന്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതിനിടെ കേസ് അന്വേഷണം തൃപ്തികരമല്ലെന്നും അതിനാല്‍ സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. ഹെക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയുന്നതിനാവശ്യമായ രേഖകളെല്ലാം കോണ്‍ഗ്രസ് നേതൃത്വം ശേഖരിച്ചിട്ടുണ്ട്. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും മുന്‍ ഡിസിസി പ്രസിഡന്റുമായ അഡ്വ. സി.കെ ശ്രീധരനും മുന്‍ പ്രോസിക്യൂഷന്‍ ജനറല്‍ ടി.ആസിഫലിയും അടക്കമുള്ള ഒരു കമ്മറ്റിയെ തന്നെ കോണ്‍ഗ്രസ് നേതൃത്വം ഇതിനായി ചുമതലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.