ആരാണ് ജസീന്ത ആർഡൺ? ന്യൂസിലൻഡ് പ്രധാനമന്ത്രിയെപ്പറ്റി ഒരു കുറിപ്പ്

ജസീന്ത ആർഡൺ. കഴിഞ്ഞ ഒരാഴ്ചയായി ഈ പേരിന് ലോകം കയ്യടിക്കുകയാണ്. ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ജസീന്തയുടെ നിലപാടുകൾ ഏറെ ശ്രദ്ധേയമായിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഐക്യാർഢ്യം പ്രഖ്യാപിച്ച് തട്ടമിട്ട ജസീന്ത വെള്ളിയാഴ്ച പ്രാർത്ഥന റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുമെന്നും അറിയിച്ചു. ഒപ്പം വെള്ളിയാഴ്ച പ്രാർത്ഥനയിലും അവർ പങ്കെടുത്തു. എന്നാൽ കഴിഞ്ഞ ഒരാഴ്ചകൾക്കപ്പുറത്ത് ആരായിരുന്നു ജസീന്ത?

1980 ജൂലൈ 26ന് ഹാമിൽട്ടണിലാണ് ജസീന്ത ജനിച്ചത്. 2001ൽ വൈകാറ്റൊ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയശേഷം പ്രധാനമന്ത്രി ഹെലൻ ക്ലാർക്കിന്റെ ഓഫീസിൽ ഗവേഷകയായി ജോലി ആരംഭിച്ചു. പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നയ ഉപദേഷ്ടാവായി ജോലിചെയ്തു. 2008ലെ പൊതു തെരഞ്ഞെടുപ്പിലാണ് ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

2008 ലെ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ പിന്തുണയോടെ പാർലമെന്റിലെത്തിയ ജസീന്ത 2010 വരെ ഏറ്റവും പ്രായം കുറഞ്ഞ പാർലമെന്റംഗമായി തുടർന്നു. 2014ൽ ഓക്ക്ലാൻഡ് സെൻട്രലിൽ നിന്ന് വീണ്ടും രണ്ടാം സ്ഥാനത്തെത്തിയെങ്കിലും പാർട്ടി പിന്തുണയോടെ പാർലമെന്റിലെത്തി. നീതി, കുഞ്ഞുങ്ങൾ, ചെറുകിട വ്യാപാരം, കല-സംസ്കാരം എന്നിവയ്ക്കായുള്ള നിഴൽ വക്താവായി പ്രവർത്തിച്ചു. 2017ൽ മൗണ്ട് ആൽബർട്ട് ഉപതെരഞ്ഞെടുപ്പിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

19 ഒക്ടോബർ 2017 ന് ലേബർ പാർട്ടി, ന്യൂസിലാൻഡ് ഫസ്റ്റ്, ഗ്രീൻ പാർട്ടി എന്നിവയുടെ പിന്തുണയോടെ പ്രധാനമന്ത്രിപദത്തിലെത്തി. ജെന്നി ഷിപ്ലിക്കും (1997–1999) ഹെലൻ ക്ലാർക്കിനും (1999–2008) ശേഷം ന്യൂസിലാൻഡിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ജസീന്ത. 37 വയസ്സിൽ പ്രധാനമന്ത്രിയായ ജസീന്ത 1856 ൽ പ്രധാനമന്ത്രിയായ എഡ്വേഡ് സ്റ്റഫോഡിനു ശേഷം ആ സ്ഥാനത്തെത്തിയ പ്രായം കുറഞ്ഞ വ്യക്തിയാണ്.

ക്രൈസ്തവമതത്തിലാണ് ജനിച്ചതെങ്കിലും ജസീന്ത ഒരു നിരീശ്വരവാദിയാണ്. കൃസ്ത്യൻ സഭാംഗമായി വളർന്ന ജസീന്ത സഭാ നയങ്ങൾ തൻ്റെ വ്യക്തിപരമായ നിലപാടുമായി ചേർന്നു പോകുന്നില്ലെന്ന് കാട്ടി 2005ൽ തന്നെ സഭ വിട്ടു. എൽജിബിടി വിഭാഗങ്ങളോടുള്ള സഭയുടെ നിലപാടുകളോട് കലഹിച്ചായിരുന്നു പ്രധാനമായും ജസീന്ത സഭ വിട്ടത്. തുടർന്ന് ക്വീർ പ്രൈഡുകളിലടക്കം പങ്കെടുത്ത ജസീന്ത എൽജിബിടി വിഭാഗങ്ങളോടുള്ള തൻ്റെ നിലപാട് പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. 2017ലാണ് താനൊരു നിരീശ്വരവാദിയാണെന്ന് ആർഡൺ പ്രഖ്യാപിച്ചത്.