‘നയൻതാരയെ നിങ്ങൾ ലേഡി സൂപ്പർ സ്റ്റാർ എന്നൊന്നും വിളിക്കരുത്’; പൊതുവേദിയിൽ നയൻതാരയെ അപമാനിച്ച് രാധാ രവി: വിഡിയോ

നയൻതാരയെ പൊതുവേദിയിൽ അവഹേളിച്ച് തമിഴ് നടൻ രാധാ രവി. തമിഴകത്തെ ലേഡീ സൂപ്പർ സ്റ്റാറിന്റെ വ്യക്തി ജീവിതമടക്കം പരാമർശിച്ചാണ് രാധാ രവി വിവാദപരാമർശം നടത്തിരിക്കുന്നത്. നയൻതാരയുടെ പുതിയ ചിത്രമായ കൊലയുതിർ കാലത്തിന്റെ ട്രെയിലർ ലോഞ്ചിനിടയിലാണ് രാധാ രവിയുടെ അവഹേളനം.

‘നയൻതാരയെ നിങ്ങൾ ലേഡി സൂപ്പർ സ്റ്റാർ എന്നൊന്നും വിളിക്കരുത്. പുരട്ചി തലൈവർ, നടികർ തിലകം, സൂപ്പർ സ്റ്റാർ എന്നൊക്കെ പറയുന്നത്, അത്തരം വിശേഷങ്ങൾ ശിവാജി ഗണേശൻ, എംജിആർ, രജനീകാന്ത് തുടങ്ങിയവർക്കൊക്കയാണ് ചേരുക. അവരോടൊന്നും നയൻതാരയെ താരതമ്യം ചെയ്യരുത്. പിന്നെ നയൻതാരയുടെ ജീവിതത്തിലെ കാര്യങ്ങളൊക്കെ ഇവിടെ അറിയാം. പക്ഷേ അവർ ഇപ്പോഴും വലിയ താരമാണ്. അതിന് കാരണം എല്ലാം പെട്ടെന്ന് മറക്കുന്ന തമിഴ് മക്കളുടെ സ്വഭാവമാണ്. തമിഴിൽ പ്രേതമായും അതേ സമയം തന്നെ തെലുങ്കിൽ സീതയായും നയൻതാര അഭിനയിക്കും. എന്റെ കാലത്തൊക്കെ കെ.ആർ വിജയയെ പോലുള്ള നടിമാരായിരുന്നു സീതയുടെ വേഷം ചെയ്യുന്നത്. ഇന്ന് ആർക്കുവേണമെങ്കിലും സീതയുടെ വേഷം ചെയ്യാം. കണ്ടാൽ തൊഴുത് നിൽക്കാൻ തോന്നുന്നവർക്കും സീതയാവാം. കണ്ടാൽ വിളിക്കാൻ തോന്നുവർക്കും സീതയാകാം..’ ഇത്തരത്തിൽ നയൻതാരയുടെ വ്യക്തിജീവിതം അടക്കം പരാമർശിച്ച് തികഞ്ഞ അവഹേളനമാണ് താരം നടത്തിയത്. ഈ വിഡിയോ പുറത്തുവന്നതോടെ വൻരോഷമാണ് ഉയരുന്നത്.