യതീഷ് ചന്ദ്ര കഥ എഴുതുകയാണ്; പൊലീസുകാരുടെ ഹ്രസ്വചിത്രം ഒരുങ്ങുന്നു

പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര തിരക്കഥാകൃത്താകുന്നു. തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന അമ്മമാരെ കുറിച്ചുള്ള ഹ്രസ്വ ചിത്രത്തിനായാണ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണർ യതീഷ് ചന്ദ്ര തിരക്കഥ ഒരുക്കുന്നത്. ‘നല്ലമ്മ’ എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രം നിര്‍മ്മിക്കുന്നത് കേരള പോലീസാണ്. നല്ലമ്മയുടെ കഥയും യതീഷ് ചന്ദ്രയാണ് എഴുതിയത്.

കൊടുങ്ങല്ലൂര്‍ തീരദേശ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സാന്റോ തട്ടിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇദ്ദേഹം തന്നെയാണ് ഹ്രസ്വചിത്രത്തില്‍ നല്ലമ്മയുടെ മകനായി വേഷമിടുന്നതും. ചിത്രത്തില്‍ നല്ലമ്മയായി എത്തുന്നത് തൃശ്ശൂര്‍ ആകാശവാണിയില്‍ നിന്ന് അനൗണ്‍സറായി വിരമിച്ച നടിയും ഡബ്ബിങ് കലാകാരിയുമായ എം. തങ്കമണിയാണ്.

ആറ് മക്കളുണ്ടായിട്ടും ആരും നോക്കാനില്ലാതിരുന്ന പുത്തൂരിലെ എഴുപത്തഞ്ചുകാരിയെക്കുറിച്ച് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതാണ് സിനിമയ്ക്ക് പ്രചോദനമായതെന്ന് സംവിധായകന്‍ വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഉപേക്ഷിക്കപ്പെട്ട അമ്മയെ പോലീസ് മകന്റെ ഒപ്പം തിരിച്ച് അയയ്ക്കുന്നതാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം.

ഹ്രസ്വ ചിത്രത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അപര്‍ണ ലവകുമാര്‍, ജയന്‍, ബോസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വിഷുവിനു മുമ്പായി ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്യും. ഹ്രസ്വചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മം ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ. പ്രേമാനന്ദകൃഷ്ണന്‍ നിര്‍വഹിച്ചു.