പി.സി.ജോര്‍ജ് എന്‍ഡിഎയിലേക്കെന്ന് സൂചന; ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: എന്‍ ഡി എയില്‍ പി.സി.ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി ചേരുമെന്ന സൂചനകള്‍ പുറത്ത് . പി.സി. ജോര്‍ജ് ബിജെപി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു . ഇതുമായി ബന്ധപ്പെട്ട് ജനപക്ഷം സംസ്ഥാന നേതൃയോഗത്തില്‍ ധാരണയായി എന്ന് പി.സി. ജോര്‍ജ് വ്യക്തമാക്കി . പത്തനംതിട്ടയിലെ വിജയത്തിന് പി.സി.ജോര്‍ജിന്റെ സഹകരണം അനിവാര്യമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പി.സി.ജോര്‍ജിനെ എന്‍ഡിഎയിലേക്കെത്തിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ ബിജെപിയോട് സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. അതിനുശേഷം പി.സി.ജോര്‍ജ് യുഡിഎഫിലേക്ക് ചേക്കേറാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അദ്ദേഹത്തെ മുന്നണിയിലെടുക്കുന്നതിനെ കേരള കോണ്‍ഗ്രസ് മാണിവിഭാഗം കര്‍ശനമായി എതിര്‍ക്കുകയായിരുന്നു. മറ്റു ഘടകകക്ഷികള്‍ക്കും പി.സി.ജോര്‍ജിനെ യുഡിഎഫിലെടുക്കുന്നതിനോട് താത്പര്യമില്ലായിരുന്നു. തുടര്‍ന്ന് അദ്ദേഹം പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തെ എന്‍ഡിഎയിലെത്തിക്കാന്‍ ബിജെപി ദേശീയ നേതാക്കള്‍ ശ്രമം നടത്തുന്നത്. ബിജെപി നേതാക്കളുമായി മുന്നണി പ്രവേശനുമായി ബന്ധപെട്ട് അനൗപചാരിക സംഭാഷണം നടത്തിയെന്നും കെ .സുരേന്ദ്രന്‍ മല്‍സരിക്കുന്ന സാഹചര്യത്തില്‍ ആണ് പത്തനംതിട്ടയില്‍ നിന്ന് പിന്മാറിയത് എന്നും ജനപക്ഷം നേതാക്കള്‍ പറഞ്ഞു .