ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ നാലിരട്ടി വർധന

കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കമ്പനികൾ കുത്തനെ കൂട്ടി. നിലവിലുള്ളതിന്റെ നാലിരട്ടിവരെയാണ് വർധന. എന്നാൽ ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള മടക്ക ടിക്കറ്റിന് നിരക്ക് പഴയതുതന്നെയാണ്. സാധാരണ ഗൾഫിൽ അവധിക്കാലമാകുന്ന ജൂൺ-ജൂലായ് മാസങ്ങളിലും അവധി അവസാനിക്കുന്ന ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലുമാണ് നിരക്ക് കുത്തനെ ഉയരുന്നത്.

ദുബായ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാർച്ച് ആദ്യവാരം 6000 മുതൽ 10,000 വരെയായിരുന്നു ശരാശരി നിരക്ക്. എന്നാൽ ഇപ്പോൾ 20,000 രൂപ മുതൽ 30,000 വരെയാണ്. 9000 മുതൽ 12,000 വരെയുണ്ടായിരുന്ന കുവൈത്തിലേക്ക് ഒറ്റയടിക്ക് 50,000 വരെയെത്തിയിട്ടുണ്ട്. ദുബായിലേക്കുള്ള നിരക്ക് കൂടിയതോടെ യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും കൂടി.

ജെറ്റ് എയർവെയ്‌സിന്റെ പ്രതിസന്ധിയാണ് കമ്പനികൾ നിരക്ക്കൂട്ടാനുള്ള പ്രധാന കാരണമായി പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഒട്ടേറെ അന്താരാഷ്ട്ര സർവീസുകളാണ് ജെറ്റ് റദ്ദാക്കിയത്.