ഫീസടച്ചില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ കൊടും വെയിലത്ത് നിര്‍ത്തി സ്കൂള്‍ അധികൃതരുടെ ക്രൂരത

ഫീസ് അടക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാനെത്തിയ കാഴ്ച വൈകല്യമുള്ള കുട്ടിയെയടക്കം രണ്ട് വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ വെയിലത്ത് നിര്‍ത്തിയതായി പരാതി. ആലുവയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് രണ്ടാം ക്ലാസുകാരായ രണ്ടു വിദ്യാര്‍ഥികള്‍ക്ക് സ്കൂൾ അധികൃതരുടെ ക്രൂരത നേരിടേണ്ടി വന്നത്. പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥികളെ മാര്‍ച്ച് മാസത്തിലെ സ്കൂള്‍ ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് അധ്യാപകന്‍ ചുട്ടുപൊള്ളുന്ന വെയിലത്ത് നിർത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ പിന്നീട് വീട്ടിലെത്തി മാതാപിതാക്കളോട് കാര്യം പറഞ്ഞപ്പോളാണ് സംഭവത്തെ കുറിച്ച് പുറം ലോകമറിയുന്നത്. കനത്ത വെയിലിൽ ഏറെ നേരം നിന്നതിനാൽ തളര്‍ച്ച അനുഭവപ്പെട്ട ഒരു വിദ്യാര്‍ഥി പിന്നീട് ആലുവാ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

മാതാപിതാക്കള്‍ സ്കൂള്‍ അധികൃതരെ വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ഫീസ് അടക്കാത്തതിന്റെ പേരിലാണ് ഇത്തരമൊരു ശിക്ഷാ നടപടി സ്വീകരിച്ചതെന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് സ്കൂള്‍ ഉപരോധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡി.ഇ.ഒ കൂറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു.