തൊടുപുഴയിൽ മർദ്ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം; ആന്തരിക രക്തസ്രാവം നിയന്ത്രണാതീതം

അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ നില അതീവഗുരുതരമായി തുടരുന്നു. മർദ്ദനത്തിൽ തലയോട് പൊട്ടിയ കുട്ടിയുടെ ജീവൻ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് നിലനി‍ർത്തുന്നത്. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാവുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വൻകുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂർ കൂടി വെന്‍റിലേറ്ററിന്‍റെ സഹായം തുടരും.

കഴിഞ്ഞ ദിവസം കുട്ടിയുടെ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല. അറസ്റ്റിലായ പ്രതി അരുൺ
ഏഴ് വയസ്സുകാരനെ അതിക്രൂരമായി മർദ്ദിച്ചെന്ന് പൊലീസ് വിശദമാക്കിയിരുന്നു. ചവിട്ടിയും ഇടിച്ചും പരിക്കേൽപ്പിച്ചു. ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

വ്യാഴാഴ്ച പുലർച്ചെയാണ് തലയോട്ടി പൊട്ടിയ നിലയിൽ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുൺ ആനന്ദും ചേർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവരുന്നത്. രക്തത്തിൽ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മ ആദ്യം സോഫയിൽ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാൽ, കുട്ടിയെ പരിശോധിച്ച ഡോക്ടർമാർക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകൾ. ആശുപത്രി അധികൃതർ ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു .പിന്നീട് ഇളയ കുഞ്ഞിനോട് ചോദിച്ചപ്പോഴാണ് അച്ഛൻ ഏട്ടനെ അടിച്ചു എന്ന മൊഴി പൊലീസിന് ലഭിച്ചത്.

അന്ന് രാത്രി യുവതിയും അരുണും പുറത്ത് പോയി വന്നപ്പോൾ ഇളയ കുഞ്ഞ് സോഫയിൽ മൂത്രമൊഴിച്ചത് കണ്ടു. അരുൺ മദ്യപിച്ച നിലയിലായിരുന്നു. മൂത്ത കുട്ടിയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ഉത്തരം കിട്ടാതായതോടെ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. എന്നും പോലീസ് ചോദ്യം ചെയ്യലിൽ അരുൺ സമ്മതിച്ചു.

എട്ട് മാസമായി അരുൺ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛൻ ഒരു വർഷം മുമ്പ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയിൽ വന്ന് താമസമാക്കിയത്. സംഭവത്തിനു ശേഷം തന്നെയും കുട്ടികളെയും ഇയാൾ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നൽകി. ആദ്യം ഉണ്ടായ കാര്യങ്ങൾ പൊലീസിനോട് പറയാതിരുന്നത് അരുൺ ആനന്ദിനെ ഭയന്നാണെന്നും .യുവതി പറയുന്നു. ഇവരുടെ മുഖത്തും കണ്ണിലും അടി കൊണ്ട് നീര് വന്ന് വീർത്ത പാടുകളുണ്ട്.

ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡിവൈഎസ്പി കെ.പി ജോസ് അറിയിച്ചു