സഹപാഠിയുമായി സൗഹൃദം: പിതാവ് 17കാരിയെ കൊന്ന് മൃതദേഹം കത്തിച്ചു

കോളേജില്‍ സഹപാഠിയുമായി ഉണ്ടായ സൗഹൃദത്തിന്റെ പേരില്‍ പിതാവ് മകളെ കൊലപ്പെടുത്തി. അഹമ്മദാബാദിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ശ്രീരംഗ് സായ്ജുണ്ട (51) അമ്മയുടെ സഹോദരന്‍മാരായ രാജേന്ദ്ര ജഗന്‍നാഥ് ഷിന്‍ഡേ(30), ധ്യാന്‍ ദേവ് ജഗന്‍നാഥ് ഷിന്‍ഡേ(35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മകൾക്ക് സഹപാഠിയുമായി ബന്ധം ഉണ്ടെന്നു മനസ്സിലാക്കിയതോടെ നിരന്തരം മകളോട് ശ്രീരംഗ് ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടി ഇത് കേൾക്കാൻ തയ്യാറായില്ല. ഇയാളോടൊപ്പം ബൈക്കില്‍ കോളേജില്‍ പോകുന്നതും ഫോണിൽ സംസാരിക്കുന്നതും ശ്രീരംഗിന്റെ ശ്രദ്ധയിൽ പെട്ടു.

ഇതോടെ മാര്‍ച്ച് 23 ന് ചോന്ദി ഗ്രാമത്തിലെ വീട്ടില്‍ വെച്ച് ശ്രീരംഗ് മകളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അമ്മാവന്‍മാരുടെ സഹായത്തോടെ ഇയാള്‍ മകളുടെ ശരീരം കത്തിച്ചു. അടുത്ത ദിവസം പെണ്‍കുട്ടിയെ കാണാതായതായി എന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന്റെ സമീപത്തു തന്നെയുള്ള ജലാശയത്തില്‍ നിന്നും പാതികത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്തി. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ച പോലീസ് സംഭവവുമായി ബന്ധപ്പെട്ട് 35ല്‍ അധികം പോരെ ചോദ്യം ചെയ്തിരുന്നു. ഇതിനൊടുവിലാണ് അച്ഛനും അമ്മാവന്‍മാരും അറസ്റ്റിലായത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.