70 വര്‍ഷംകൊണ്ട് കോണ്‍ഗ്രസ് ചെയ്യാത്തത് അഞ്ച് വര്‍ഷംകൊണ്ട് ഞാനെങ്ങനെ ചെയ്യും – മോദി

വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു തവണ കൂടി തന്നെ അധികാരത്തിലേറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജോലികളും പൂര്‍ത്തിയാക്കിയെന്ന് ഞാൻ അവകാശപെടുന്നില്ല. 70 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് അങ്ങനെ പറയാന്‍ സാധിക്കാത്തപ്പോള്‍ വെറും അഞ്ച് വര്‍ഷം ഭരിച്ച എനിക്ക് എങ്ങനെ അത് സാധിക്കുമെന്ന് മോദി. ഒരുപാട് കാര്യങ്ങള്‍ ചെയ്തു, ഇനിയും ഒരുപാട് ചെയ്യാനുണ്ട്. നിരന്തര ശ്രമങ്ങള്‍ ആവശ്യമാണ്. അതിന് നിങ്ങളുടെ അനുഗ്രഹം വേണമെന്നും മോദി പറഞ്ഞു.

മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ഭീകരവാദവും ആക്രമണവും കള്ളപ്പണവും അഴിമതിയും വര്‍ധിച്ചു. ഭരണഘടനാ ശില്‍പിയായ ബി.ആര്‍. അംബേദ്കറെ പരാജയപ്പെടുത്തുകയാണ് നെഹ്‌റു കുടുംബം എല്ലായ്‌പ്പോഴും ചെയ്തത്. പൊതുജനങ്ങളുടെ മനസ്സില്‍ നിന്ന് അദ്ദേഹത്തിന്റെ സ്മരണ നഷ്ടപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തി. അംബേദ്കറെ മറന്നുകൊണ്ട് സ്വന്തം കുടുംബക്കാര്‍ക്ക് ഭാരതരത്‌ന നല്‍കിയവരാണ് കോണ്‍ഗ്രസുകാരെന്നും പ്രധാനമന്ത്രി ആരോപിച്ചു.