എന്‍.ഡി.എ സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി എത്തുമെന്ന് സൂചന

ന്യൂഡല്‍ഹി: നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയാവുമെന്ന് സൂചന. സുരേഷ് ഗോപിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തരമായി ഡല്‍ഹിയില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം സുരേഷ് ഗോപിക്കു നിര്‍ദേശം നല്‍കി. നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിയെ ആയിരുന്നു തൃശൂരില്‍ പരിഗണിച്ചിരുന്നത്. ഇവിടെ തുഷാര്‍ പ്രചരണവും തുടങ്ങിയിരുന്നു.രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെയാണ് തുഷാറിനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ എന്‍.ഡി.എ തീരുമാനിച്ചത്.

നേരത്തെ തിരുവനന്തപുരം, കൊല്ലം മണ്ഡലങ്ങളില്‍ സുരേഷ് ഗോപിയുടെ പേരു പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സുരേഷ് ഗോപി തന്നെ ഇക്കാര്യം നിഷേധിച്ചു രംഗത്തുവന്നു. പുതിയ സിനിമയ്ക്കു ഡേറ്റ് കൊടുത്തതായും മത്സര രംഗത്തുണ്ടാവില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ നിഷേധിക്കാനാവില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ ബിജെപി ഒരു ലക്ഷത്തിലേറെ വോട്ടു പിടിച്ച മണ്ഡലമാണ് തൃശൂര്‍. ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഇവിടെ നേട്ടമുണ്ടാക്കാനാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.