സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെ മോഡല്‍ അസംബ്ലി: ഭരണചക്രം തിരിച്ച് കുട്ടിസാമാജികര്‍

കേരള രാഷ്ട്രീയചരിത്രത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹങ്ങളുടെ എണ്ണഛായാചിത്രങ്ങള്‍ക്കു മുന്നില്‍, ചരിത്രം സൃഷ്ടിച്ച തീരുമാനങ്ങള്‍ക്ക് സാക്ഷിയായ പ്രൗഢഗംഭീരമായ സെക്രട്ടറിയേറ്റിലെ പഴയ നിയമസഭാഹാളില്‍ നടന്ന മോഡല്‍ അസംബ്ലിയില്‍ ഭാവികേരളം സുരക്ഷിതമാണെന്ന് കുട്ടിസാമാജികര്‍ തെളിയിച്ചു. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് സമ്മര്‍ ക്യാമ്പ് ചെയ്ഞ്ച് ലീഡേഴ്സ് മീറ്റ്-2019 നോടനുബന്ധിച്ചാണ് മോഡല്‍ അസംബ്ലിയായിരുന്നു വേദി.

നിയമനിര്‍മ്മാണം, ചോദ്യോത്തരവേള, അടിയന്തിരപ്രമേയം, മറുപടി പ്രസംഗം തുടങ്ങി സഭാനടപടികള്‍ കൃത്യമായി പുനരാവിഷ്ക്കരിച്ചതിലൂടെ പുതുതലമുറ രാഷ്ട്രാവബോധം ഉള്ളവരാണെന്ന് തെളിയിച്ചു. സഭയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ചോദ്യങ്ങളും ഉത്തരങ്ങളുമായി സഭ മുന്നേറി. വിവിധ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, ലക്ഷ്യങ്ങള്‍ തുടങ്ങി വികസനോന്മുഖമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഭരണ-പ്രതിപക്ഷകക്ഷികളായി മാറിയ കേഡറ്റുകള്‍ ചോദ്യോത്തരങ്ങളിലൂടെ സമകാലിക വിഷയങ്ങള്‍ തീവ്രമായി അവതരിപ്പിച്ചു. ചീഫ് മാര്‍ഷല്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, സെക്രട്ടറി, മുഖ്യമന്ത്രി, വകുപ്പുമന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, ഉപനേതാവ് തുടങ്ങിയവരായി സ്വയം മാറിയ കേഡറ്റുകള്‍ സഭാചുമതലകളെപ്പറ്റി വ്യക്തമായി മനസ്സിലാക്കി. സഭയുടെ പ്രവര്‍ത്തനത്തെപ്പറ്റി കാര്യക്ഷമമായി പഠിക്കുവാന്‍ ലഭിച്ച അവസരമായ മോഡല്‍ അസംബ്ലി അവര്‍ പരമാവധി പ്രയോജനപ്പെടുത്തി.

ചീഫ് മാര്‍ഷലായി മലപ്പുറത്തുനിന്നുള്ള മുഹമ്മദ് ഷാഹിദും സ്പീക്കറായി എറണാകുളം ജില്ലയിലെ അമീറ നസ്റിനും മുഖ്യമന്ത്രിയായി ആലപ്പുഴയിലെ അഞ്ജനയും ഡെപ്യൂട്ടി സ്പീക്കറായി കൊല്ലം റൂറലിലെ അപര്‍ണ്ണയും നിയമസഭാസെക്രട്ടറിയായി തിരുവനന്തപുരം സിറ്റിയിലെ നഫ്സലും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി അഭിനവ് (പാലക്കാട്), റവന്യൂവകുപ്പ് മന്ത്രിയായി അഭിനവ് കൃഷ്ണ (മലപ്പുറം), എക്സൈസ് വകുപ്പ്മന്ത്രിയായി അനുശ്രീ അജയ് (വയനാട്), കൃഷി വകുപ്പ്മന്ത്രിയായി ബ്ലസ്സി ബിജു (ഇടുക്കി), ഐ.ടി വകുപ്പുമന്ത്രിയായി അഭിജിത് (കാസര്‍ഗോഡ്) എന്നിവരും പ്രതിപക്ഷനേതാവായി കണ്ണൂരില്‍ നിന്നുള്ള ജോയല്‍ ബിജുമോന്‍, ഉപനേതാവായി കോഴിക്കോട് സിറ്റിയിലെ നന്ദന എന്നിവരും സഭാനടപടികള്‍ക്ക് നേതൃത്വം നല്‍കി. ശൂന്യവേളയില്‍ ചോദ്യം ഉന്നയിച്ച കോഴിക്കോട് റൂറല്‍ ജില്ല കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ കെ.കെ അനുപ്രിയ, സ്പീക്കര്‍ പദവി അലങ്കരിച്ച എറണാകുളം റൂറല്‍ കടയിരുപ്പ് ജി.എച്ച്.എസ്.എസിലെ അമീറ നസ്റിന്‍, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന വയനാട് മീനങ്ങാടി ജി.എച്ച്.എസ്.എസിലെ അനുശ്രീ അജയ് എന്നിവര്‍ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം നേടി.