വിഭജനത്തിന്റെ രാഷ്ട്രീയത്തിനെതിരെ വോട്ട് അഭ്യര്‍ഥിച്ച് 150 ശാസ്ത്രജ്ഞര്‍ ഒപ്പിട്ട പ്രസ്താവന

(AP)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബുദ്ധിപൂര്‍വം വോട്ട് രേഖപ്പെടുത്തണമെന്ന് വോട്ടര്‍മാരോട് ആഹ്വാനം ചെയ്ത് 150 ശാസ്തജ്ഞര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന. ജനങ്ങളെ വേര്‍തിരിക്കുകയും വിവേചനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഭയം വളര്‍ത്തുകയും ചെയ്യുന്ന ശക്തികളെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ് വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ ഒപ്പിട്ട പ്രസ്താവന.

”വസ്തുതകളെയും വാദങ്ങളെയും കൃത്യമായി വിലയിരുത്തി ബുദ്ധിപൂര്‍വം വോട്ട് രേഖപ്പെടുത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന ശാസ്ത്രാവബോധം മുന്‍നിര്‍ത്തി വോട്ട് രേഖപ്പെടുത്താന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. അസമത്വം, ഭീഷണി, വിവേചനം, യുക്തിരാഹിത്യം എന്നിവയ്‌ക്കെതിരെ വോട്ടുചെയ്യാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു”.

ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസം, വ്യക്തിസ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങിയവ അടക്കമുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ഈ തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഈ അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിന് ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവരെയും മതം, ജാതി, ലിംഗം, ഭാഷ തുടങ്ങിയവയുടെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നവരെയും തള്ളിക്കളയണം. സ്ത്രീകള്‍, ദളിത് വിഭാഗങ്ങള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി സമൂഹത്തിലെ ചില വിഭാഗങ്ങളെ പാര്‍ശ്വവത്കരിക്കുന്ന രാഷട്രീയത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും പ്രസ്താവന പറയുന്നു.

മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, പൂനെയിലെ ഐസര്‍ (ഐഐഎസ്ഇആര്‍) എന്നീ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളിലെ അടക്കം ഗവേഷകരും അധ്യാപകരും പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്.

കടപ്പാട്: ടെലഗ്രാഫ്‌