തൊടുപുഴയിൽ ക്രൂരമർദ്ദനത്തിന് ഇരയായ ഏഴുവയസുകാരൻ മരണപെട്ടു

അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദിച്ച ഏഴു വയസ്സുകാരന്‍ മരണത്തിനു കീഴടങ്ങി. മര്‍ദനമേറ്റ് ആശുപത്രിയിലായി പത്താംദിവസമാണ്, നാടിന്റെ പ്രാര്‍ഥനകള്‍ വിഫലമാക്കി കുരുന്നുജീവന്‍ പൊലിഞ്ഞത്. രാവിലെ 11.35ന് മരണം സ്ഥിരീകരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കുട്ടിയുടെ തലക്കാണ് ഗുരുതരമായി പരുക്കേറ്റിരുന്നത്. കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ ഗുരുതരമായതായി മെഡിക്കല്‍ ബോര്‍ഡ് കഴിഞ്ഞദിവസം ബന്ധുക്കളെ അറിയിച്ചിരുന്നു. സംഭവത്തില്‍ ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കേസിലെ പ്രതിയായ അരുണ്‍ ആനന്ദ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്.