കേരളത്തെ നടുക്കി വീണ്ടും ഗുണ്ടാക്രമണം; രണ്ട് യുവാക്കളെ മൃതപ്രായരാക്കിയ ശേഷം കെട്ടിത്തൂക്കി

കൊല്ലം: തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ സംഭവത്തിൻ്റെ നടുക്കം മാറുന്നതിനു മുമ്പെ കേരളം മറ്റൊരു ദുരന്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. കൊല്ലത്ത് കല്ല്യാണ വീട്ടിലെ തര്‍ക്കം കലാശിച്ചത് രണ്ടു യുവാക്കളെ മൃതപ്രായരാക്കിയാണ്. കൊല്ലം ജില്ലയിലെ കുന്നിക്കോട്ടെ നൗഫൽ, സിദ്ദിഖ് എന്നിവരെയാണ് മര്‍ദിച്ച്‌ മൃതപ്രായരാക്കിയ ശേഷം ഉടുമുണ്ടില്‍ കെട്ടി വലിച്ചിഴച്ചത്.

നൗഫലിൻ്റെ ബന്ധുവിൻറെ മകളുടെ വിവാഹച്ചടങ്ങിനിടെ ഞായറാഴ്ച വൈകീട്ട് നാലരയോടെ വിളക്കുടി പാപ്പാരംകോട്ടാണ് സംഭവം. സിദ്ദിഖിന്റെ കൈപ്പത്തി മര്‍ദ്ദനത്തില്‍ ഒടിഞ്ഞു തൂങ്ങി. തലയ്ക്കും പൊട്ടലുണ്ട്. നൗഫലിന്റെ തലയ്ക്കും മൂക്കിനും പൊട്ടലുണ്ട്. ദേഹം മുഴുവനും പരിക്കും. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കുന്നിക്കോട് സ്വദേശിയുമായ ചിമ്പു എന്ന മാര്‍ഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ഷലിനൊപ്പം ഉണ്ടായിരുന്നയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാര്‍ഷലിന് യുവാക്കളോടുണ്ടായ മുൻവൈരാഗ്യമാണ് ആക്രമിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു.