മലപ്പുറത്ത് മൂന്നു കുട്ടികൾ മുങ്ങിമരിച്ചു

representational Image

ജില്ലയില്‍ രണ്ടിടങ്ങളിലായി നടന്ന അപകടങ്ങളില്‍ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു. എടയൂര്‍ വെങ്ങാട് പള്ളിപ്പടിയിലെ ക്വാറിയിലും കടലുണ്ടിപ്പുഴയിലെ ആനക്കയത്തുമാണ് അപകടമുണ്ടായത്. പള്ളിപ്പടിയിലെ ക്വാറിയില്‍ കുളിക്കാനിറങ്ങിയ ആലപ്പുഴ സ്വദേശി ഫയാസ്(9) കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ആനക്കയം ഈരാമുടുക്ക് സ്വദേശി അബുവിന്റെ മക്കളായ ഫാത്തിമ ഫിദ, ഫാത്തിമ നിദ എന്നിവരുമാണ് മുങ്ങിമരിച്ചത്.

ആലപ്പുഴയില്‍നിന്നും സിയാറത്തില്‍ പങ്കെടുക്കാനെത്തിയ നാല്‍പതോളം വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് കരിപാടനയില്‍ ഫയാസ് മലപ്പുറത്തെത്തിയത്. പീടികപ്പടി ചിറയിലെ ക്വാറിയില്‍ കുളിക്കുന്നിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. കാല്‍വഴുതിവീണ് വെള്ളത്തില്‍ മുങ്ങിയ കുട്ടിയെ കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സു ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളാഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ആനക്കയത്ത് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സഹോദരിമാര്‍ മുങ്ങിമരിച്ചത്. സ്‌കൂള്‍ അവധിയായതിനാല്‍ ഉമ്മയുടെ ആനക്കയത്തുള്ള വീട്ടില്‍ കഴിഞ്ഞയാഴ്ചയാണ് ഫാത്തിമ ഫിദയും ഫാത്തിമ നിദയുമെത്തിയത്. മാതാവ് സൗദയോടൊപ്പമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ഫാത്തിമ നിദയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. സഹോദരിയെ രക്ഷപ്പെടുത്താനെത്തിയ ഫിദയും പിന്നീട് അപകടത്തില്‍പ്പെട്ടു. ബഹളം കേട്ടെത്തിയ യുവാക്കളാണ് കുട്ടികളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

(കടപ്പാട് news 18)