കെ എം മാണി അന്തരിച്ചു

കേരള രാഷ്ട്രീയത്തിലെ അതികായൻ കെഎം മാണി ഓർമയായി. ഇന്ന് വൈകിട്ട് 4.57 നാണു മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ നില ഗുരുതരമായി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുകയുമായിരുന്നു.

വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് മകന്‍ ജോസ് കെ മാണി അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. യുഡിഎഫ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച വ്യക്തി കൂടിയാണ്.

കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 ൽ ജനിച്ച കരിങ്ങോഴക്കൽ മാണി മാണിയാണ് ആദ്യം കെ എം മാണിയായും പതുക്കെ മലയാളികളുടെ മൊത്തം മാണി സാറായും വളർന്നത്. പാലാ സെൻറ് തോമസ് സ്‌കൂളിലെ വിദ്യാഭ്യാസക്കാലത്ത് തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിന് വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്താണ് കെ.എം.മാണി സംഭവബഹുലമായ തൻറെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. രാഷ്ട്രീയത്തിലൂടെ നീളം കർഷകരുടെ ശബ്ദമായിരുന്നു കെഎം മാണി. മധ്യതിരുവിതാംകൂറിലെ വികസനപ്രവർത്തനങ്ങൾക് അടിത്തറയിട്ടത് കെഎം മാണിയായിരുന്നു

ഇലയ്ക്കാട് മണ്ഡലം കോൺഗ്രസിൻറെ പ്രസിഡൻറായാണ് അധികാരരാഷ്ടീയത്തിൽ ഹരിശ്രീ കുറിച്ചത്. 1959 ൽ കെ.പി.സി.സി അംഗമായ കെ എം മാണി വൈകാതെ കോട്ടയം ഡി സി സി ജനറൽ സെക്രട്ടറിയുമായി.

ടി ചാക്കോയുടെ മരണത്തിന് പിന്നാലെ ചാക്കോയോട് കോൺഗ്രസ് നീതിപുലർത്തിയില്ലെന്ന് ആരോപിച്ച് 1964 ഒക്ടോബർ 9 ന് കേരള കോൺഗ്രസിന് തിരുനക്കര മൈതാനിയിൽ തിരി കൊളുത്തുമ്പോൾ, ജില്ലാ പ്രസിഡൻറായിരുന്ന കെ എം മാണി കോട്ടയം ഡി സിസിയെ പൂർണ്ണമായി കേരള കോൺഗ്രസാക്കി. അങ്ങനെ കേരള രാഷ്ട്രീയത്തിൻറെ ഭാഗധേയം മാറ്റിക്കുറിച്ച കേരള കോൺഗ്രസിൻറെ സ്ഥാപക നേതാവുമായി കെ. എം മാണി. രാഷ്ട്രീയത്തിലെ അതികായന്റെ ഓർമയ്ക്ക് മുന്നിൽ കണ്ണീർ പ്രണാമം