റഫാൽ കേസിൽ നിർണായക തീരുമാനവുമായി സുപ്രീം കോടതി, പുതിയ രേഖകൾ സ്വീകരിക്കും

റഫാൽ കേസിൽ നിർണായക തീരുമാനവുമായി സുപ്രീം കോടതി. പുതിയ രേഖകൾ മോഷ്ടിക്കപെട്ടതാണെങ്കിലും സ്വീകരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുതിയ രേഖകൾ സ്വീകരിക്കാൻ സിബിഐ അന്വേഷണം തള്ളിയ വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന് കനത്തതിരിച്ചടിയായി സുപ്രീംകോടതിയുടെ ഉത്തരവ് . നേരത്തേ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത് പുതിയ ഒരു രേഖകളും പരിശോധിക്കരുത് എന്നായിരുന്നു. രേഖകള്‍ ഹര്‍ജിക്കാര്‍ നിയമ വിരുദ്ധമായി കൈക്കലാക്കിയതാണെന്നും അതിന്റെ പകര്‍പ്പാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.

കാവൽക്കാരൻ കള്ളനാണെന്ന് തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ എല്ലാം തന്നെ രാഹുൽ അടക്കം പ്രതിപകഷം ഉയർത്തിയിരുന്നു. ഈ വാദത്തിന് കൂടുതൽ ശക്തി പകരുന്നതാണ് സുപ്രീം കോടതിയുടെ നിർണായക തീരുമാനം. അതേസമയം റാഫേൽ കേസിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി ക്‌ളീൻ ചീറ്റ് നൽകിയെന്ന വാദം പൊളിഞ്ഞെന്നും അഴിമതി സർക്കാരിനെ പുറത്താക്കാൻ സമയമായെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. പുതിയ രേഖകൾ പുനഃ പരിശോധന ഹര്ജികള്ക്കൊപ്പം പരിശോധിക്കും.
പുനഃ പരിശോധന ഹർജികൾ സ്വീകരിക്കുന്ന തിയതി പിന്നീട് പ്രഖ്യാപിക്കും.