“സാധാരണ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വികസന പ്രശ്‌നങ്ങളാണ്”; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് വീണാ ജോര്‍ജ്

പത്തനംതിട്ട: ബിജെപിയുടെ പ്രകടന പത്രികയും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്. സാധാരണ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വികസന പ്രശ്‌നങ്ങളാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. ജനങ്ങളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും പത്തനംതിട്ടയില്‍ ഇടതുപക്ഷ മുന്നണി ചരിത്ര വിജയം നേടുമെന്ന് വീണ് പറഞ്ഞു. എല്ലാ നിയമസഭ മണ്ഡലങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിലാണ് ഇപ്പോള്‍ വീണ. സര്‍വേ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളുടെ മനസ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുമെന്നും വീണ വ്യക്തമാക്കി.മണ്ഡല കണ്‍വെന്‍ഷനുകള്‍ക്കും വാഹന പ്രചാരണ ജാഥകള്‍ക്കും ശേഷം ഇപ്പോള്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് സ്ഥാനാര്‍ഥി.