അറ്റക്കുറ്റ പണികൾക്കായി ദുബായ് വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കും; ബാധിക്കുന്നത് ഈ സര്‍വീസുകളെ

45 ദിവസം നീളുന്ന അറ്റകുറ്റപ്പണികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കും. 16ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് റണ്‍വേ അടയ്ക്കുന്നത്. 45 ദിവസം കൊണ്ട് റണ്‍വേ പൂര്‍ണ്ണമായി പുതുക്കിപ്പണിയും.റണ്‍വേ അടയ്ക്കുന്നതിനായി രണ്ട് വര്‍ഷം നീണ്ട തയ്യാറെടുപ്പുകളാണ് അധികൃതര്‍ നടത്തിയത്. ശേഷിക്കുന്ന ഒരു റണ്‍വേയുടെ പരമാവധി ശേഷി ഉപയോഗപ്പെടുത്തുന്ന തരത്തില്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കും. ഇത് കാരണം ആകെ സീറ്റുകളില്‍ 29 ശതമാനത്തിന്റെ കുറവ് മാത്രമേയുണ്ടാവുകയുള്ളൂ. സര്‍വീസുകളില്‍ പലതും ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റി ക്രമീകരിക്കും.

വിവിധ വിമാന കമ്പനികള്‍ സര്‍വീസ് വെട്ടിച്ചുരുക്കുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റുകയോ ചെയ്യും. ചില സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറ്റുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഫ്ലൈ ദുബായ് തങ്ങളുടെ 42 സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ ദുബായ് വേള്‍ഡ് സെന്ററിലെ അല്‍ മക്തൂം എയര്‍പോര്‍ട്ടിലേക്ക് മാറ്റും. ബഹ്റൈന്‍, ദമ്മാം, ജിദ്ദ, കാബൂള്‍, കാഠ്മണ്ഡു, കുവൈത്ത്, മസ്കത്ത് എന്നിവിടങ്ങളിലേക്ക് രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും ഫ്ലൈ ദുബായ് സര്‍വീസ് നടത്തും. എന്നാല്‍ അഹ്‍മദാബാദ്, ചെന്നൈ, ദില്ലി, ഹൈദരാബാദ്, കൊച്ചി, കോഴിക്കോട്, ലക്നൗ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്നായിരിക്കും.

മറ്റ് കമ്പനികളുടെ സര്‍വീസുകളും റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യേണ്ടിവരും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ദുബായ് വേള്‍ഡ് സെന്ററിലെ അല്‍ മക്തൂം എയര്‍പോര്‍ട്ടിനെയും ബന്ധിപ്പിക്കുന്ന സൗജന്യ ബസ് സര്‍വീസ് തുടങ്ങും. നേരത്തെ തന്നെ സര്‍വീസുകളിലെ മാറ്റങ്ങള്‍ യാത്രക്കാരെ അറിയിക്കുമെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ചില സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്. മാറ്റുന്ന സര്‍വീസുകള്‍ ഇവയാണ്

എയര്‍ഇന്ത്യ
മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ (AI 983)
ചെന്നൈയില്‍ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ (AI 906)
പ്രതിദിന സര്‍വീസായ വിശാഖപട്ടണം – ഹൈദരാബാദ്-ദുബായ് (AI 951), ദുബായ് – ഹൈദരാബാദ് – വിശാഖപട്ടണം (AI 952)
വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലുമുള്ള ബംഗളുരു – ഗോവ – ദുബായ് (AI 993), ദുബായ് – ഗോവ – ബംഗളുരു (AI 994)

എയര്‍ ഇന്ത്യ എക്സ്പ്രസ്
മംഗലാപുരത്ത് നിന്നും ദുബായിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ (IX 813, IX 814) (IX 383, IX 384)
ഞായറാഴ്ചകളില്‍ ദില്ലിയില്‍ നിന്നും ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ (IX 141, IX 142)
ഞായറാഴ്ചകളില്‍ കൊച്ചിയില്‍ നിന്നും ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ (IX 435, IX 434)