കുവൈറ്റിൽ മയക്കുമരുന്ന് ഉപയോഗംമൂലമുള്ള മരണ നിരക്കിൽ വൻ വർധനയെന്നു റിപ്പോർട്ട്

കുവൈത്തിൽ അമിത മയക്കുമരുന്ന് ഉപയോഗം മൂലമുള്ള മരണ നിരക്കിൽ വർദ്ധനയെന്നു റിപ്പോർട്ട്. വിദേശികൾ ഉൾപ്പെടെ 116 പേർക്കാണ് അമിത മയക്കുമരുന്ന് ഉപയോഗം മൂലം ജീവൻ നഷ്ടമായത്.ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് പുറത്തുവിട്ട വാർഷിക റിപ്പോർട്ടനുസരിച്ച് രാജ്യത്ത് 18000 പേരാണ് മയക്കുമരുന്ന് ഉപയോക്താക്കളായുള്ളത്. 2017ൽ 68 പേരാണ് അമിതമായ മയക്കുമരുന്ന് ഉപയോഗം കാരണം മരിച്ചത്. 2018 ൽ മരണ നിരക്ക് 116 ആയി ഉയർന്നു. 1650 പേരാണ് മയക്കുമരുന്ന് കേസിൽ കോടതി നടപടികൾ നേരിടുന്നത്.

ഇതിൽ 60 പേർ 18 വയസ്സിന് താഴെ പ്രായമുള്ളവരുമാണ്. മൊത്തം മയക്കുമരുന്ന് ഉപയോക്താക്കളിൽ 41 ശതമാനത്തിന്റെ പ്രായം 16 നും 20 നും ഇടയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ-സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്കിടയിൽ ഡ്രഗ് കൺട്രോൾ വിഭാഗം നടത്തിയ സർവേ ഇക്കാര്യം ബലപ്പെടുത്തുന്നതാണ്. രാജ്യത്തെ സ്കൂൾ വിദ്യാർഥികളിൽ 18.6 ശതമാനം പേർ മയക്കുമരുന്ന് ഏതെങ്കിലും തരത്തിൽ പരീക്ഷിച്ചതായാണ് സർവേ ഫലം.