സ്വകാര്യ മേഖലയുടെ ഉന്നമനത്തിനായി 12.5 ബില്ല്യണ്‍ റിയാലിന്റെ പദ്ധതിയൊരുക്കി സൗദി ധനകാര്യ മന്ത്രാലയം

റിയാദ് : സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ സഹായിക്കാനുതകുന്ന പദ്ധതിയുമായി സൗദി ധനകാര്യമന്ത്രാലയം. 12.5 ബില്ല്യണ്‍ റിയാലിന്റെ പദ്ധതിയാണ് സ്വകാര്യ മേഖലയുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.ചെറുകിട ഇടത്തരം സംരംഭങ്ങളുള്‍പ്പെടെ സ്വകാര്യമേഖലയെ സഹായിക്കുന്നതിനുള്ള പദ്ധതിക്ക് ഇതിനോടകം തന്നെ തുടക്കം കുറിച്ചു.സ്വകാര്യമേഖല നേരിടുന്ന എല്ലാ തടസ്സങ്ങളേയും സര്‍ക്കാര്‍ നീക്കം ചെയ്യുമെന്ന് ധന മന്ത്രി പറഞ്ഞു.റിയാദില്‍ അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വിഷന്‍ 2030ന്റെ ലക്ഷ്യ പ്രാപ്തിക്കായി സ്വകാര്യമേഖലയുടെ വളര്‍ച്ചക്ക് പ്രതികൂലമാകുന്ന എല്ലാ തടസ്സങ്ങളും സര്‍ക്കാര്‍ നീക്കം ചെയ്യുമെന്നും, രണ്ട് ബില്ല്യണ്‍ റിയാല്‍ ഇതിനോടകം തന്നെ ചെലവഴിച്ചു കഴിഞ്ഞതായും പദ്ധതിയുടെ പ്രാരംഭഘട്ടം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.രാജ്യത്തിന് നിക്ഷേപങ്ങളില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നുണ്ടെന്നും പോയ വര്‍ഷം പ്രത്യക്ഷ വിദേശ നിക്ഷേപം ഇരട്ടിയായെന്നും, ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ അത് 28 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.