സ്വദേശിവൽക്കരണത്തിനായി പുതിയ പദ്ധതികളുമായി സൗദി തൊഴിൽ മന്ത്രാലയം

റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിൽ 5.5 ലക്ഷത്തിലേറെ തൊഴിലുകൾ സ്വദേശിവൽക്കരിക്കാൻ പദ്ധതി. സ്വദേശിവൽക്കരണം ഉയർത്തുന്നതിനും തൊഴിൽ പരിശീലനങ്ങളിലൂടെ സ്വദേശികളെ പ്രാപ്‌തരാക്കി മാറ്റുന്നതിനുമായി പുതിയ പദ്ധതികളൊരുക്കി സൗദി തൊഴിൽ മന്ത്രാലയം. സ്വകാര്യ മേഖലക്കും ഉദ്യോഗാർത്ഥികൾക്കും പ്രോത്സാഹനങ്ങൾ നൽകുന്ന നിരവധി പദ്ധതികൾ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. 2023 ഓടെ സ്വകാര്യ മേഖലയിൽ 5,61,000 തൊഴിലുകൾ സ്വദേശിവൽക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് തൊഴിൽ- സാമൂഹ്യ വികസന മന്ത്രി അഹമ്മദ് അൽ രാജ്‌ഹി അറിയിച്ചു. എന്നാൽ ഇത് ഏതെല്ലാം മേഘലകളിലാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

കൂടാതെ സ്വദേശി യുവതി-യുവാക്കൾക്കു തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും സ്വദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്നതിനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ഇത് ലക്ഷ്യമിടുന്നുണ്ട്. ജോലിയിൽ നിയമിച്ച ശേഷം സ്വദേശികൾക്കു തൊഴിൽ പരിശീലനം നൽകുന്നതിനും തൊഴിലവസരം ഉറപ്പു നൽകുന്ന പരിശീലന പദ്ധതികൾ നടപ്പിലാക്കുന്നതിനും മാനവ ശേഷി വികസന നിധിയുമായി തൊഴിൽ മന്ത്രാലയം പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ടെന്നും തൊഴിൽ മന്ത്രി പറഞ്ഞു.