ദുബായ് ഷോപ്പിംഗ് മാളിൽ അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചതിനെ തുടർന്ന് ആളുകളെ പുറത്തിറക്കി

ദുബായ്: ഷോപ്പിങ് മാളില്‍ അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചതിന് പിന്നാലെ ആളുകളെ പുറത്തിറക്കി. വ്യാഴാഴ്ച രാത്രി മാള്‍ ഓഫ് എമിറേറ്റ്സിലാണ് കുറച്ച് സമയത്തേക്ക് വൈദ്യുതി നിലച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ചില സാങ്കേതിക തകരാറുകള്‍ സംഭവിച്ചതാണെന്നും ഉടന്‍ തന്നെ അവ പരിഹരിച്ച് പിന്നീട് മാള്‍ സാധാരണ പോലെ പ്രവര്‍ത്തിച്ചുവെന്നും എമിറേറ്റ്സ് മാള്‍ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.മാള്‍ സന്ദര്‍ശകരുടെയും മറ്റുള്ളവരുടെയും സുരക്ഷ കണക്കിലെടുത്ത് ഈ സമയം എല്ലാ മുന്‍കരുതലുകളുമെടുത്തിരുന്നുവെന്നും അധികൃതര്‍ അവകാശപ്പെട്ടു.

അപ്രതീക്ഷിതമായി മാളിലെ ലൈറ്റുകള്‍ ഓഫായതോടെ എല്ലാവരോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കുറച്ചുസമയത്തിനകം തന്നെ വൈദ്യുതി പുനഃസ്ഥാപിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നതിനാല്‍ മാളില്‍ നിരവധി സന്ദര്‍ശകരുമുണ്ടായിരുന്നു. സിനിമാ പ്രദര്‍ശനവും ഈ സമയത്ത് നടക്കുന്നുണ്ടായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.