റമദാനില്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു

റമദാനില്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു. പ്രവൃത്തിസമയത്തില്‍ രണ്ട് മണിക്കൂറിന്റെ ഇളവ് നല്‍കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.യുഎഇ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ മേയ് ആറിനായിരിക്കും റമദാന്‍ വ്രതം ആരംഭിക്കുകയെന്നാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലുള്ള എല്ലാ സ്ഥാപനങ്ങളും കമ്പനികളും റമദാനിലെ മുഴുവന്‍ ദിവസങ്ങളിലും പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂര്‍ കുറവ് വരുത്തണമെന്ന് ഔദ്യോഗിക വെബ്സൈറ്റിലെ അറിയിപ്പില്‍ പറയുന്നു. തൊഴില്‍ നിയമപ്രകാരം മുസ്ലിംകള്‍ അല്ലാത്തവര്‍ക്കും റമദാനില്‍ ജോലി സമയത്തില്‍ മുഴുവന്‍ ശമ്പളത്തോടുകൂടിയുള്ള ഇളവ് അനുവദിക്കണമെന്നും സർക്കുലറിൽ പറയുന്നു.