റമദാന് മുന്നോടിയായി എമിറേറ്റുകളിൽ സുരക്ഷാ പരിശോധന ശക്തമാക്കി

ദുബായ്: റമദാന് മുന്നോടിയായി എമിറേറ്റുകളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി. റമദാന്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി വിവിധ എമിറേറ്റുകള്‍. നഗരസഭകളുടെയും മറ്റും മേല്‍നോട്ടത്തിലാണ് പരിശോധന.ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.

നടപ്പുവര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ മാത്രം പതിനൊന്നായിരം പരിശോധനകളാണ് ഷാര്‍ജ നഗരസഭ പൂര്‍ത്തിയാക്കിയത്. ലൈസന്‍സില്‍ പ്രതിപാദിച്ച മാനദണ്ഡങ്ങളില്‍ വീഴ്ച്ച വരുത്തുക, അനധികൃത നിയമനം, പരിസര-വ്യക്തി ശുചിത്വം, തുടങ്ങിയവയൊക്കെ വിലയിരുത്തിയതായി അധികതര്‍ വ്യക്തമാക്കി. ദുബായ്, അബുദാബി നഗരസഭകളുടെ മേല്‍നോട്ടത്തിലും പരിശോധന തുടരുകയാണ്. ഒരു മില്ല്യനിലധികം കിലോ തൂക്കം വരുന്ന ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യോത്പന്നങ്ങളാണ് ആദ്യ പാദ പരിശോധനയില്‍ മാത്രം കണ്ടെത്തിയത്. നിരവധി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശരിയായ രീതിയില്‍ ശീഥീകരിക്കാത്ത ഭക്ഷ്യോത്പന്നങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന്‌അധികൃതര്‍ ചൂണ്ടികാട്ടി.